തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് തഗ് ലൈഫ്. വർഷങ്ങൾക്ക് ശേഷം മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രത്തിൽ തൃഷയാണ് നായിക. അണിയറയിൽ സിനിമ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. രംഗരായ ശക്തിവേല്‍ നായ്ക്കറായാണ് ചിത്രത്തിൽ കമൽ ഹാസൻ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപത്രത്തെക്കുറിച്ച് കമൽ പറഞ്ഞ കാര്യങ്ങളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ ചിത്രത്തിൽ നല്ലവനാണോ വില്ലനാണോ എന്ന ചോദ്യത്തിനാണ് കമലിന്റെ കലക്കൻ മറുപടി.
'രംഗരായ ശക്തിവേല്‍ നായ്ക്കര്‍ നല്ലവനാണോ വില്ലനാണോ ചോദിച്ചാൽ അതിന് ഉത്തരം ഇല്ല. നല്ലതും മോശവും ചേർന്നതാണ് എന്ന് പറയാം. എല്ലാം നിങ്ങളോട് പറഞ്ഞിട്ട് ഞാൻ എങ്ങനെയാണ് മണിരത്നത്തെ കാണുന്നത്. ഞാൻ കഷ്ടപ്പെട്ട് എഡിറ്റ് എല്ലാം ചെയ്തത് വെറുതെ ആയില്ലേ, നിങ്ങൾ എല്ലാം എല്ലാരോടും പറഞ്ഞില്ലേ എന്ന് അദ്ദേഹം എന്നോട് ചോദിക്കില്ലേ ? കണക്കിൽ ഏതാണ് പ്രധാനം കൂട്ടലോ കുറയ്ക്കലോ എന്ന് ചോദിക്കുന്നത് പോലെയാണ് തഗ് ലൈഫിൽ എന്റെ കഥാപാത്രത്തെ കുറിച്ച് ചോദിക്കുന്നത്,' കമൽ ഹാസൻ പറഞ്ഞു.
ചിത്രം ജൂൺ അഞ്ചിന് തിയേറ്ററുകളിലെത്തും. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.