'ടോക്സിക് ബന്ധങ്ങളിൽ നിന്നും പുറത്തുകടക്കണം': കമൽ ഹാസനെ കൊട്ടിയത് ആണോയെന്ന് ഗൗതമിയോട് സോഷ്യൽ മീഡിയ

നിഹാരിക കെ.എസ്

വ്യാഴം, 19 ഡിസം‌ബര്‍ 2024 (09:35 IST)
90 കളിൽ മലയാളത്തിലും തമിഴിലും തിളങ്ങിയ നടിയാണ് ഗൗതമി. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനുശേഷം നടന്‍ കമല്‍ ഹാസനുമായി ലിവിങ് ടുഗദറായി ജീവിക്കുകയായിരുന്നു നടി. ഇടയ്ക്ക് നടനുമായി ബന്ധം പിരിഞ്ഞ നടി ഇപ്പോള്‍ സിംഗിള്‍ മദറായി ജീവിക്കുകയാണ്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതായിട്ടാണ് കഥകളെങ്കിലും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഒന്നും നടത്തിയിരുന്നില്ല. എന്നാലിപ്പോള്‍ ടോക്‌സിക് റിലേഷന്‍ഷിപ്പിനെ കുറിച്ച് ഗൗതമി പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.
 
'ടോക്‌സിക്കായ ഒരു ബന്ധത്തിന്റെ അടിസ്ഥാന കാര്യം നമുക്ക് അതില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല എന്നതാണ്. അതുകൊണ്ടാണ് ആ ബന്ധം ടോക്‌സിക്കായി മാറുന്നത്. അതില്‍ കുഴപ്പങ്ങളുണ്ടാവും. ആ വൈകല്യം നമ്മള്‍ സൃഷ്ടിച്ചതായിരിക്കാം. അതില്‍ സംഭവിക്കുന്ന എല്ലാ അസുഖകരമായ കാര്യങ്ങളും നമ്മള്‍ കാരണമാണെന്ന് കരുതപ്പെടും. കാലങ്ങളായി നടന്നുവരുന്ന ഒരു പ്രവൃത്തിയാണിത് ഇന്നും ഗൗതമി പറയുന്നു.
 
നമ്മളൊരു ടോക്‌സിക് റിലേഷന്‍ഷിപ്പിലാണെന്ന് അറിയാന്‍ ചിലപ്പോള്‍ കുറച്ച് സമയമെടുക്കും. അത് കണ്ടെത്തുകയാണ് ആദ്യപടി. രണ്ടാമത്തെ ഘട്ടം അതില്‍ നിന്ന് പുറത്ത് വരുന്നത് എങ്ങനെയാണെന്ന് ചിന്തിക്കുകയാണ്. അതിനുശേഷം, മൂന്നാമത്തെ ഘട്ടത്തില്‍ അതില്‍ നിന്ന് പുറത്തുകടക്കാനുള്ള ഒരു വഴി കണ്ടെത്തി നമ്മള്‍ തന്നെ ഒരു ശക്തി കെട്ടിപ്പടുക്കുക എന്നതാണ്. പുറത്തു വന്നതിന് ശേഷവും നമ്മുടെ സ്വാതന്ത്ര്യം നിലനിര്‍ത്തുക എന്നതാണ് നാലാമത്തെ ഘട്ടമെന്നും ഗൗതമി പറയുന്നു. 
 
നമ്മളുടെ ജീവിതം മനോഹരമാണ്. അത്തരമൊരു സാഹചര്യത്തില്‍ ജീവിതം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ നമ്മള്‍ എല്ലാ ശ്രമങ്ങളും നടത്തണം. ഒരു ബന്ധം ടോക്‌സിക്കാണെന്ന് തോന്നുമ്പോള്‍ ഇങ്ങനൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടുവല്ലോ എന്നോര്‍ത്ത് നമ്മള്‍ പരാതിപ്പെടേണ്ടതില്ല. തെറ്റായൊരു തീരുമാനം എടുത്തു. അത് നല്ല രീതിയില്‍ നടന്നില്ല. കുഴപ്പമില്ല, ആരും ഇത് മനപ്പൂര്‍വ്വം ചെയ്തതല്ല. ഇത് ജീവിതത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുകയാണ് വേണ്ടതെന്നും,' ഗൗതമി പറഞ്ഞു. 
 
ഗൗതമിയുടെ ഈ തുറന്ന് പറച്ചില്‍ വളരെ വേഗം വൈറലായിരിക്കുകയാണ്. അഭിമുഖം കണ്ടവരെല്ലാം നടി ഉദ്ദേശിച്ചത് കമല്‍ ഹാസനുമായിട്ടുള്ള ബന്ധത്തെ കുറിച്ചാണോ എന്നതടക്കം നിരവധി ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ്. പരോക്ഷമായി കമല്‍ ഹാസനെ കുറിച്ച് പറഞ്ഞതാണെന്നാണ് ആരാധകര്‍ ഉറപ്പിച്ച് പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍