മലയാള സിനിമയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ രണ്ട് യുവനടന്‍മാരാണ് ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയും. ഇരുവര്‍ക്കും നിരവധി ആരാധകര്‍ ഉണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ഉസ്താദ് ഹോട്ടലില്‍ ആസിഫ് അലി അതിഥി വേഷം ചെയ്തിട്ടുണ്ട്. അല്ലാതെ ഇരുവരും ഒന്നിച്ചഭിനയിച്ച മുഴുനീള ചിത്രം ഇതുവരെ പിറന്നിട്ടില്ല.
എന്നാല്‍, മലയാള സിനിമയില്‍ ആസിഫ് അലിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും അരങ്ങേറ്റം ഒരുമിച്ച് ആകുമായിരുന്നു. ദുല്‍ഖര്‍ ഒരു 'നോ' പറഞ്ഞതുകൊണ്ടാണ് അത് നടക്കാതെ പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2009 ല്‍ ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി മലയാള സിനിമയിലേക്ക് എത്തുന്നത്. ശ്യാമപ്രസാദാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ആസിഫ് അലിക്കൊപ്പം നിഷാനും ഈ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നിഷാന്‍ അവതരിപ്പിച്ച കഥാപാത്രത്തിനായി ശ്യാമപ്രസാദ് ആദ്യം പരിഗണിച്ചത് ദുല്‍ഖറിനെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആ സമയത്ത് ദുല്‍ഖര്‍ സിനിമയിലെത്തിയിട്ടില്ല. പെട്ടന്ന് ഒരു സിനിമ ചെയ്യാനുള്ള തീരുമാനം ദുല്‍ഖറും മാറ്റിവച്ചു. അതുകൊണ്ടാണ് ആസിഫ് അലിക്കൊപ്പം അരങ്ങേറാനുള്ള അവസരം ദുല്‍ഖറിന് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് 2012 ലാണ് ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ പ്രദര്‍ശനത്തിനെത്തുന്നത്.