മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇന്ന് മലയാള സിനിമയിലെ ഏറ്റവും വിലപിടിച്ച രചയിതാക്കളിൽ ഒരാളായി മാറിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാക്രത്ത് ശ്യാം പുഷ്കരൻ.
ഇപ്പോഴിതാ അദ്ദേഹം മലയാള സിനിമകളെ കുറിച്ചും തന്റെ ഇഷ്ടങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ്. സ്ഫടികം എന്ന മോഹൻലാൽ- ഭദ്രൻ ചിത്രത്തെ ഒരു മാസ്റ്റർപീസ് എന്നാണ് ശ്യാം പുഷ്ക്കരൻ വിശേഷിപ്പിക്കുന്നത്. അതുപോലെ മലയാള സിനിമ കണ്ട ഏറ്റവും മികച്ച രണ്ടു തിരക്കഥകൾ ആണ് സിദ്ദിഖ്- ലാൽ ടീം ഒരുക്കിയ ഗോഡ്ഫാദർ , ഇൻ ഹരിഹർ നഗർ എന്നിവ എന്നും ശ്യാം പുഷ്ക്കരൻ പറയുന്നു.
മിഥുനം എന്ന സിനിമ ഉർവശിയുടെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെ ഒരിക്കൽ കൂടി പറയാൻ സ്കോപ് ഉണ്ടെന്നു പറഞ്ഞ ശ്യാം പുഷ്ക്കരൻ സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് തനിക്കു അറിയില്ല എന്നും പറയുന്നു. ഒരു തവണ മാത്രം കാണാവുന്ന സിനിമ എന്നാണ് അദ്ദേഹം നരസിംഹത്തെ വിശേഷിപ്പിച്ചത്.
വരവേൽപ്പ് എന്ന ചിത്രം തനിക്കു ഇഷ്ടമല്ല എന്നും തുറന്നു പറയുന്നു. നായക കഥാപാത്രം അനുഭവിക്കുക കഷ്ടപ്പാടുകൾ ഏറെ വിഷമിപ്പിക്കുന്നത് കൊണ്ട് തന്നെ ആ ചിത്രം കാണാൻ തനിക്കു ഇഷ്ടമില്ലെന്നു ആണ് ശ്യാം വിശദീകരിക്കുന്നത്. ഏതായാലും അധികം വൈകാതെ തന്നെ ദിലീഷ് പോത്തനൊപ്പം ഒന്നിക്കുന്ന ഒരു ചിത്രം കൂടി ഉണ്ടാകുമെന്നും ശ്യാം പുഷ്ക്കരൻ പറയുന്നു.