മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത 'ദേവദൂതന്‍' 24 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഫോര്‍ കെ ദൃശ്യമികവോടെയാണ് ചിത്രത്തിന്റെ റി റിലീസ്. രണ്ടായിരത്തില്‍ ക്രിസ്മസ് റിലീസ് ആയാണ് ദേവദൂതന്‍ തിയറ്ററുകളിലെത്തുന്നത്. വലിയ പ്രതീക്ഷകളോടെ റിലീസ് ചെയ്ത ചിത്രം ബോക്സ്ഓഫീസില്‍ വന്‍ പരാജയമായി. റി റിലീസിനു എത്തിയപ്പോള്‍ ചിത്രത്തിലെ പല ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച വൈദികന്റെ വേഷമാണ് !
കഥ നടക്കുന്ന കോളേജിലെ വൈദികരില്‍ ഒരാളായാണ് ജഗതി അഭിനയിച്ചിരിക്കുന്നത്. ഒരു കോമഡി കഥാപാത്രമായിരുന്നു അത്. റി റിലീസ് ചെയ്തപ്പോള്‍ ജഗതിയുടെ വേഷം പൂര്‍ണമായി ഒഴിവാക്കി. ഇത് മോശമായെന്നാണ് പല സിനിമാ പ്രേമികളുടേയും വിമര്‍ശനം. ഏതാനും രംഗങ്ങള്‍ മാത്രം ഒഴിവാക്കിയാല്‍ അതിന് ന്യായീകരണമുണ്ട്. എന്നാല്‍ ജഗതിയെ പോലൊരു നടന്‍ അവതരിപ്പിച്ച കഥാപാത്രത്തെ പൂര്‍ണമായി കട്ട് ചെയ്തു കളഞ്ഞത് അങ്ങേയറ്റം അനീതിയായെന്നാണ് പലരും വിമര്‍ശിക്കുന്നത്.
അതേസമയം ദേവദൂതനിലെ ജഗതിയുടെ കഥാപാത്രത്തെ കുറിച്ച് രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. ജഗതിയുടെ കഥാപാത്രം അല്‍പ്പം ഓവറായിപ്പോയെന്നും അങ്ങനെയൊരു കഥാപാത്രത്തിന്റെ ആവശ്യമില്ലെന്നും വാദിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ജഗതിയുടെ കോമഡികള്‍ സിനിമ ഇറങ്ങിയ സമയത്തേ ആസ്വദിച്ചിരുന്നെന്നും ആ കഥാപാത്രം മോശമായി തോന്നിയിട്ടില്ലെന്നും അഭിപ്രായപ്പെടുന്നവരും ഉണ്ട്. ജഗതിയുടെ കഥാപാത്രത്തിനൊപ്പം മോഹന്‍ലാലിന്റെ ചില ഫൈറ്റ് രംഗങ്ങളും റി റിലീസില്‍ ഒഴിവാക്കിയിട്ടുണ്ട്.