ക്രിയേറ്റീവ് ക്രിട്ടിക്‌സ് 2024 ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച ചിത്രം ആടുജീവിതം, മികച്ച നടന്‍ പൃഥ്വിരാജ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 14 ഓഗസ്റ്റ് 2024 (21:36 IST)
ക്രിയേറ്റീവ് ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ക്രിയേറ്റീവ് ക്രിട്ടിക്‌സ് 2024  ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
പ്രവാസ ജീവിതത്തിന്റെ ചതിക്കുഴികളും അതിജീവനവും പറഞ്ഞ ആടുജീവിതമാണ് മികച്ച ചലച്ചിത്രം. സിനിമ സംവിധാനം ചെയ്ത ബ്ലസിയെ മികച്ച സംവിധായകനായി ജൂറി തെരഞ്ഞെടുത്തു. ആടുജീവിതത്തിലെ നജീബിനെ അനശ്വരമാക്കിയ പൃഥ്വിരാജ് മികച്ച നടനായി. ഉള്ളൊഴുക്കില്‍ മത്സരിച്ച് അഭിനയിച്ച ഉര്‍വശിയും പാര്‍വതിയും മികച്ച നടിക്കുള്ള പുരസ്‌ക്കാരം പങ്കിട്ടു. ആടുജീവിതത്തിലെ പെരിയോനേ... റഹ്മാനേ..., അടക്കമുള്ള പാട്ടുകളൊരുക്കിയ എ.ആര്‍ റഹ്മാന്‍ സംഗീത സംവിധായകനും ഗാനങ്ങളെഴുതിയ റഫീഖ് അഹമ്മദ് ഗാനരചനയ്ക്കും ക്യാമറാമാന്‍ സുനില്‍ കെ.എസ് ഛായാഗ്രാഹകനും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനര്‍ക്കും ഉള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കി. മഞ്ഞുമ്മല്‍ ബോയ്സ് മികച്ച ജനപ്രിയ ചിത്രവും ദ സ്പോയില്‍സ് മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രവുമായി തെരഞ്ഞെടുത്തു.
 
ജമാലിന്റെ പുഞ്ചിരിയിലെ അഭിനയമികവിന് ഇന്ദ്രന്‍സിന് ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോമര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം കിട്ടി. യൂത്ത് ഐക്കണായി നസ്ലിനെ (പ്രേമലു) തെരഞ്ഞെടുത്തു. സ്റ്റാര്‍ ഓഫ് ദ ഇയറായി നടനും സംവിധായകനുമായ ബേസില്‍ ജോസഫ് അര്‍ഹനായി. മഞ്ഞുമ്മല്‍ ബോയിസിലെ അഭിനയത്തിന് സൗബിന്‍ ഷാഹിറിന് ജനപ്രിയ നടനും പ്രേമലുവിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന മമിത ബൈജുവിന് ജനപ്രിയനടിക്കും ഉള്ള പുരസ്‌ക്കാരം ലഭിച്ചു. നവാഗത സംവിധായകന്‍ - ക്രിസ്റ്റോ ടോമി (ഉള്ളൊഴുക്ക്), ജനപ്രീയ സംവിധായകന്‍ - ജിത്തു മാധവന്‍ (ആവേശം), മികച്ച സ്വഭാവ നടന്‍ - സിദ്ധാര്‍ത്ഥ് ഭരതന്‍ (ഭ്രമയുഗം), സ്വഭാവ നടി - മഞ്ജുപിള്ള (ഫാലിമി, മലയാളി ഫ്രം ഇന്ത്യ), മികച്ച തിരക്കഥാകൃത്ത് - രാഹുല്‍ സദാശിവം (ഭ്രമയുഗം), മികച്ച പശ്ചാത്തല സംഗീതം - ക്രിസ്റ്റോ സേവ്യര്‍ (ഭ്രമയുഗം), ജനപ്രിയ സംഗീത സംവിധായകന്‍ - സുഷിന്‍ ശ്യാം (ആവേശം), മികച്ച ഗായകന്‍ - ജിതിന്‍ രാജ് (ആടുജീവിതം), മികച്ച ഗായിക - നിത്യാ മാമന്‍ (പ്രിന്‍സസ് സ്ട്രീറ്റ്), പ്രത്യേക ജൂറി പുരസ്‌ക്കാരം - അനാര്‍ക്കലി മരയ്ക്കാര്‍ (ഗഗനചാരി), എഡിറ്റര്‍ - ഷമീര്‍ മുഹമ്മദ് (എബ്രഹാം ഓസ് ലര്‍), നവാഗത ഗായകന്‍ - എസ്. ശ്രീജിത് ഐ.പിഎസ് ( ദ സ് പോയില്‍സ്), ജനപ്രിയ ഗാനരചയിതാവ് - വിനായക് ശശികുമാര്‍ (ആവേശം), ജനപ്രിയ ഗായകന്‍ - വിജയ് യേശുദാസ് (ആടുജീവിതം), ജനപ്രിയ ഗായിക - ചിന്മയി (ആടുജീവിതം),ട്രാന്‍സ് കമ്മ്യൂണിറ്റി വിഭാഗത്തില്‍ മികച്ച അഭിനേത്രി അഞ്ജലി അമീര്‍ ( ദ സ്പോയില്‍സ്).
 
ആഗസ്റ്റ് അവസാന വാരം കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ജൂറി ചെയര്‍മാന്‍ കെ. ജയകുമാര്‍ ഐ.എ.എസ് അറിയിച്ചു. ക്രീയേറ്റീവ് ആട്സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി സി.ഇ.ഒ ലതാകുമാരി, പ്രസിഡന്റ് മാധവ് ദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article