കൈയിൽ പണം ഇല്ലാത്തതുകൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ നിക്കുന്നവരും ഉണ്ട്. അത്തരത്തിലുള്ള ഒരാൾക്ക് പണം വാഗ്ദാനം ചെയ്‌തിരിക്കുകയാണ് ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്‌പുത്. ശുഭംരഞ്ജന്‍ എന്ന യുവാവാണ് തന്റെ അവസ്ഥ സുശാന്ത് സിംഗിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാല്‍ അതിന് സുശാന്ത് നല്‍കിയ മറുപടിയാണ് ഇപ്പോൾ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നൽകാമെന്നും, ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങള്‍ എന്നെ അറിയിക്കണം എന്നുമായിരുന്നു സുശാന്തിന്റെ മറുപടി.
എന്നാൽ ഇത് വെറും പോസ്‌റ്റുകളിൽ മാത്രം ഒതുങ്ങിയില്ല. ഇതിന് പിന്നാലെ സുശാന്ത് പണം ശുഭംരഞ്ജന്റെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തു. പറഞ്ഞ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി മാറ്റിയ ശേഷം പണം നല്‍കിയ അക്കൗണ്ട് വിവരങ്ങള്‍ അടക്കം സുശാന്തിന് സ്‌ക്രീന്‍ ഷോട്ട് അയയ്ക്കുകയും ചെയ്തു. എന്നെക്കൊണ്ട് ഇങ്ങനെ ഒരു പ്രവർത്തി ചെയ്യിപ്പിച്ചത് നിങ്ങളാണ്, അതിന് നിങ്ങളോട് എനിക്ക് നന്ദിയുണ്ടെന്നും സുശാന്ത് അറിയിച്ചു.