വിജയുടെ ദീപാവലി ചിത്രം സര്‍ക്കാര്‍ വിവാദത്തിന് തിരികൊളുത്തിയ സാഹചര്യത്തില്‍ അറസ്‌റ്റ് നടപടികള്‍ ഉണ്ടാകുമെന്ന സൂചനയില്‍ സംവിധായകന്‍ എആര്‍ മുരുഗദോസ് കോടതിയെ സമീപിച്ചു.
മുൻകൂര്‍ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച മുരുഗദോസിന് താല്‍ക്കാലിക മുൻകൂര്‍ ജാമ്യം അനുവദിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ മാസം 27വരെ അറസ്‌റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, മുരുഗദോസിനെ അറസ്‌റ്റ് ചെയ്യാന്‍ നീക്കം നടന്നിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. വ്യാഴാഴ്‌ച രാത്രി തന്റെ വീട്ടിനു മുന്നില്‍ പൊലീസ് വന്നിരുന്നുവെന്നും താൻ അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
എഐഎഡിഎംകെ മന്ത്രിമാര്‍ നേരിട്ട് രംഗത്തിറങ്ങിയതോടെ പൊലീസ് നടപടിയുണ്ടാകുമെന്ന നിഗമനത്തിലാണ്
മുരുഗദോസ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, വിവാദങ്ങളില്‍ പ്രതികരിക്കാന്‍ വിജയ് ഇതുവരെ തയ്യാറായിട്ടില്ല.
തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് എഐഎഡിഎംകെ നേതാക്കളുടെ ആവശ്യം. അതേസമയം, സിനിമയിലെ വിവാദ രംഗങ്ങൾ നീക്കിയ ശേഷമാണ് വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ശേഷം തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്.
വിവാദ രംഗങ്ങൾ ഒഴിവാക്കിയത് തമിഴ്നാട്ടിലെ തീയേറ്ററുകളില്‍ മാത്രമാണെന്നും കേരളമുൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ ഇതു ബാധകമാകില്ലെന്ന് നിർമാതാക്കളായ സൺ പിക്ചേഴ്സിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.