'സർക്കാർ' വിവാദം ഒഴിയുന്നില്ല; വിജയ്‌ക്കെതിരെ നടപടിയെടുക്കാന്‍ നീക്കം
വെള്ളി, 9 നവംബര്‍ 2018 (08:40 IST)
വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം 'സർക്കാരി'നെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങൾ വിട്ടൊഴിയുന്നില്ല. റിലീസ് ചെയ്‌ത ദിവസം തന്നെ വിവാദങ്ങൾ പൊട്ടിമുളച്ചിരുന്നു. ചിത്രം തമിഴ്‌നാട് സർക്കാരിനെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നു എന്നാണ് പ്രധാനമായും ഉള്ള ആരോപണം.
സമൂഹത്തില്‍ കലാപം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നതാണ് ചിത്രം എന്നും 'സര്‍ക്കാര്‍' നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമാണെന്നും തമിഴ്‌നാട് നിയമമന്ത്രി സി വി ഷണ്‍മുഖന്‍ അഭിപ്രായപ്പെട്ടു. ഒരു ഭീകരവാദി അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് സമാനമാണ് ഇതെന്നും മന്ത്രി പറഞ്ഞു.
'വിജയ്ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിയെടുക്കും. സര്‍ക്കാരിനെ അധിക്ഷേപിക്കുന്ന സീനുകള്‍ വെട്ടിമാറ്റിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മറ്റൊരു മന്ത്രിയായ കടമ്പൂര്‍ സി രാജ വ്യക്തമാക്കിയിരുന്നു'. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കാണുമെന്നും രാജ പറഞ്ഞു.
എന്നാൽ, ബോക്‌സോഫീസ് തകര്‍ത്ത് രണ്ട് ദിവസം കൊണ്ട് സര്‍ക്കാര്‍ നേടിയത് 100 കോടിയാണ്. അതേസമയം, വിജയുടെ ചിത്രങ്ങള്‍ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ വിവാദമായിട്ടുണ്ട്.