മെര്‍സലിനു പിന്നാലെ വീണ്ടും വിവാദം ; ‘സര്‍ക്കാര്‍’ തമിഴ്‌നാട് സര്‍ക്കാരിന് തലവേദനയാകുന്നു - എതിര്‍പ്പുമായി മന്ത്രി
ബുധന്‍, 7 നവംബര്‍ 2018 (14:21 IST)
മെര്‍സലിന് പിന്നാലെ വിജയുടെ ദീപാവലി ചിത്രം സര്‍ക്കാരും വിവാദത്തിന് തിരികൊളുത്തുന്നു. സിനിമയിലെ രാഷ്‌ട്രീയ സൂചനകളുള്ള ഭാഗങ്ങള്‍ നിക്കണമെന്ന് തമിഴ്‌നാട് മന്ത്രി കടമ്പൂര്‍ രാജു ആവശ്യപ്പെട്ടു.
രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചു. സിനിമയുടെ അണിയറ പ്രവര്‍ത്തകള്‍ ഈ ഭാഗങ്ങള്‍ നീക്കം ചെയ്‌താല്‍ നല്ലതായിരിക്കും. അല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിലെ രാഷ്‌ട്രീയ പരാമര്‍ശങ്ങളും ഭാഗങ്ങളും നീക്കം ചെയ്യാത്ത സാഹചര്യം വളര്‍ന്നു വരുന്ന നടനായ വിജയ്‌ക്കു നല്ലതെന്നും മന്ത്രി പറഞ്ഞു.
ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാർ അവതരിപ്പിച്ച കഥാപാത്രത്തിനു അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുമായ സാമ്യമുണ്ടെന്ന ആരോപണം ശക്തമായതിനു പിന്നാലെയാണ് ഭീഷണിയുടെ സ്വരവുമായി മന്ത്രിയും രംഗത്തുവന്നത്.
വിജയുടെ മെര്‍സലും വന്‍ വിവാദങ്ങളുണ്ടാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യുകയും വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്‌ത മെര്‍സലിനെതിരെ ബിജെപി രംഗത്തുവന്നിരുന്നു.