മുതിര്‍ന്ന സംവിധായകന്‍ ഹരിഹരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി ചാര്‍മിള. ഹരിഹരന്‍ തന്നോടു അഡ്ജസ്റ്റ്‌മെന്റിനു തയ്യാറാണോ എന്നു ചോദിച്ചിട്ടുണ്ടെന്ന് ചാര്‍മിള വെളിപ്പെടുത്തി. നിര്‍മാതാവ് എം.പി.മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ചാര്‍മിള പറഞ്ഞു.
1997 ല്‍ പുറത്തിറങ്ങിയ അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെയാണ് പീഡന ശ്രമമുണ്ടായതെന്ന് ചാര്‍മിള പറയുന്നു. ' കൂട്ടബലാത്സംഗത്തിന് ശ്രമമുണ്ടായി. പീഡനശ്രമത്തിനിടെ മുറിയില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മര്‍ദിച്ചു,' ചാര്‍മിള വെളിപ്പെടുത്തി. നിര്‍മാതാവ് എം.പി.മോഹനനും പ്രൊഡക്ഷന്‍ മാനേജര്‍ ഷണ്‍മുഖനും സുഹൃത്തുക്കളുമായാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും ചാര്‍മിള പറഞ്ഞു.
സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോയെന്നു ചോദിച്ചു. തന്റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോടാണു താന്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്നു ഹരിഹരന്‍ ചോദിച്ചത്. വഴങ്ങാന്‍ തയ്യാറല്ലെന്നു പറഞ്ഞതോടെ 'പരിണയം' എന്ന സിനിമയില്‍നിന്ന് ഹരിഹരന്‍ തന്നേയും വിഷ്ണുവിനേയും ഒഴിവാക്കിയെന്നും ചാര്‍മിള വെളിപ്പെടുത്തി. ചാര്‍മിള അഡ്ജസ്റ്റ്‌മെന്റിനു തയ്യാറാണോ എന്നു ഹരിഹരന്‍ തന്നോടു ചോദിച്ചെന്ന് വിഷ്ണുവും സ്ഥിരീകരിച്ചു.