കെ കെയും സുധാകരൻ നായരും - രണ്ടും മമ്മൂട്ടി തന്നെ, പക്ഷേ ഒരു വ്യത്യാസമുണ്ട്!
വ്യാഴം, 3 മെയ് 2018 (12:33 IST)
ജോയ് മാത്യുവിന്റെ തിരക്കഥയിൽ നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിൾ മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. കെ കെ എന്ന കൃഷ്ണകുമാറായി മമ്മൂട്ടിയും ശ്രുതിയെന്ന
വിദ്യാർത്ഥിനിയായി കാർത്തിക മുരളീധരനുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ചിത്രം ഇതിനോടകം പിടിച്ചു പറ്റിയിരിക്കുകയാണ്. ജോൺ എന്ന വ്യക്തിയെഴുതിയ നിരൂപണം ജോയ് മാത്യു തന്റെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. ഇതിൽ അങ്കിൾ സംസാരിച്ച വിഷയം കൈകാര്യം ചെയ്ത സിനിമകൾ മലയാളത്തിൽ തന്നെ എടുത്തുപറയത്തക്കതായി മൂന്നെണ്ണമുണ്ടെന്ന് നിരൂപകൻ പറയുന്നു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അച്ചന്റെ പ്രായമുള്ള ഒരാളോട് ഒരു പെൺകുട്ടിയ്ക്ക് തോന്നുന്ന വികാരങ്ങൾ എന്തൊക്കെയായിരിക്കും ..
കാമത്തേക്കാൾ ഉപരി...? കൗതുകമെന്ന ഭാവമായിരിക്കും കൂടുതൽ എന്നാണെനിക്ക് തോന്നുന്നത്. തന്റെ സമപ്രായക്കാരിൽ കാണാത്ത പക്വതയുടെ - ശാന്തതയുടെ - പ്രത്യേകിച്ച്, ഈ പ്രായത്തിലും ആ മനുഷ്യന് സൗന്ദര്യമുണ്ടെങ്കിൽ - ആ സൗന്ദര്യത്തോടുള്ള - അയാളുടെ നരച്ച താടിരോമങ്ങളോടും മുടിയിഴകളോടും തോന്നുന്ന ഒരിഷ്ടം.
പിന്നെ, ഈ പെൺകുട്ടി പോലും അറിയാതെ അവളുടെ ഉള്ളിൽ നിറയുന്ന ഒരു സുരക്ഷിതബോധം..അതെ.. ആ പ്രായത്തിലുള്ള ഒരാളുടെ സാന്നിഥ്യം ഏതൊരു പെൺകുട്ടിയിലും കാമുകീ ഭാവത്തിനപ്പുറത്ത് നിർവ്വചിക്കാനാവാത്ത ഒരുപാട് ഭാവങ്ങളെ- ഭാവനകളെ പ്രാപിക്കുന്നുണ്ട്. മറിച്ച്, മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയോട് ഒരു മനുഷ്യന് തോന്നുന്ന വികാരങ്ങൾ എന്തൊക്കെയായിരിക്കും? ബഹുവചനത്തിന്റെ ആവശ്യമൊന്നുമില്ല. പ്രഥമ വികാരം തന്നെ കാമമായിരിക്കും.
ഇതാണ് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം.
പുരുഷന് ഉത്തേജിതനാവാൻ സ്ത്രീ സാന്നിധ്യത്തിന്റെ ആവശ്യമൊന്നും വേണ്ട. പക്ഷേ, ഒരു സ്ത്രീയ്ക്ക് ഉത്തേജിതയാവാൻ പുരുഷ സ്പർശനം കൂടിയെ തീരൂ.. ആ ഘട്ടം വരെ അവൾ സ്വയം നിയന്ത്രിതയാണ്.. മറ്റൊരു കാര്യം - അടുത്തിടപഴകിയാൽ - സ്ഥിര പരിചയ ബന്ധമുണ്ടായാൽ പ്രഥമദൃഷ്ട്യാലുണ്ടായ ഭാവത്തിന് വ്യത്യാസം വന്ന് കാമം സൗഹൃദമായും പിന്നെയത് വാത്സല്യത്തോളം വളരുന്നതും പുരുഷന്റെ ഉള്ളിൽ മാത്രം സംഭവിക്കുന്ന ഒരു പരിണാമവുമാണ്.
ഈ വിഷയം കൈകാര്യം ചെയ്ത സിനിമകൾ മലയാളത്തിൽ തന്നെ എടുത്തുപറയത്തക്കതായി മൂന്നെണ്ണമുണ്ട്.
രണ്ടെണ്ണം ഭരതന്റേതാണ് 1983ൽ ഇറങ്ങിയ കാറ്റത്തെ കിളിക്കൂട്. 87-ൽ ഇറങ്ങിയ നീലക്കുറിഞ്ഞി പൂത്തപ്പോൾ - രണ്ടിന്റെയും തിരക്കഥ ജോൺ പോളിന്റേതാണ്. പിന്നെ ലോഹിതദാസിന്റെ തിരക്കഥയിൽ ഹരികുമാർ സംവിധാനം ചെയ്ത മമ്മുട്ടി അഭിനയിച്ച - ഉദ്യാനപാലകൻ.. ഭരത് ഗോപി- രേവതിയാണ് കാറ്റത്തെ കിളിക്കൂടിൽ - കന്നഡ എഴുത്തുകാരനും വിഖ്യാത സംവിധായകനുമായ ഗിരിഷ് കർണ്ണാടും കാർത്തികയുമാണ് നീലക്കുറിഞ്ഞി പൂത്തപ്പോൾ - എന്ന ചിത്രത്തിലെ നായകനും നായികയും ഉദ്യാനപാലകനിലാവട്ടെ - മമ്മുട്ടിയും കാവേരിയും..
ഈ ചിത്രങ്ങളിൽ നിന്ന് -അങ്കിൾ - എന്ന ചിത്രം വേറിട്ട് നില്ക്കുന്നത് എന്തുകൊണ്ടാണ്?
ഒറ്റ ഉത്തരമേയുള്ളൂ - ഈ ചിത്രം ഈ കാലഘട്ടവുമായി അത്രമേൽ സംവദിക്കുന്നു.
ഈ സിനിമ കാണാൻ പ്രേരിപ്പിച്ച ഒരേയൊരു ഘടകം ജോയ് മാത്യു വിന്റെ സ്ക്രിപ്റ്റ് എന്നത് മാത്രമായിരുന്നു..
ചിത്രം കണ്ടു കഴിഞ്ഞപ്പോൾ - അത് ഗിരീഷ് ദാമോധറെന്ന സംവിധായകന്റെയും താര ഭാരങ്ങളില്ലാതെ അഭിനയിച്ച മമ്മുട്ടിയുടെയും ദൃശ്യങ്ങൾ പകർത്തിയ അഴകപ്പന്റെയുമൊക്കെ ചിത്രമായി മാറുന്നു.. പറയാതെ വയ്യ -തിരക്കഥ തന്നെ ഇവിടെയും താരം.
ആകസ്മികമായി തന്റെ അച്ചന്റെ സുഹൃത്തായ കൃഷ്ണ കുമാറിന്റെ കാറിൽ യാത്ര ചെയ്യേണ്ടി വരുന്നു ശ്രുതിയെന്ന പെൺകുട്ടിയ്ക്ക്.. ചെറിയ യാത്രയല്ല -ഊട്ടിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക്...
ശ്രുതിയുടെ അച്ചൻ വിജയന് ഇതറിഞ്ഞതേ സമാധാനം നഷ്ടപ്പെടുന്നു... കാരണം -കിച്ചുവെന്ന് വിളിക്കുന്ന കൃഷ്ണകുമാറിന്റെ ലീലാ വിലാസങ്ങളൊക്കെ വിജയന് നന്നായറിയാം... തന്റെ ഭാര്യയോട് പോലും കിച്ചുവിനെ പറ്റി പറയാനാവാതെ അയാൾ വല്ലാതാവുന്നു... അയാൾക്കറിയാം - സ്ത്രീകളെ വലിച്ചടുപ്പിക്കുന്ന പാടവവും സൗന്ദര്യവുമുള്ളയാളാണ് കിച്ചു..
ഇവരുടെ യാത്ര - പുതിയ വഴികൾ തേടുന്നു.നേരം ഇരുട്ടുന്നു - വനപ്രദേശങ്ങളിലേക്ക് വണ്ടി കടക്കുന്നു. തീർച്ചയായും കൃഷ്ണകുമാർ ശ്രുതിയെ മോഹത്തോടെ തന്നെയാണ് ആദ്യ നിമിഷങ്ങളിൽ കണ്ടത്... അതയാളുടെ സ്വഭാവികമായ ജന്മ ചോതന തന്നെയാണ്. പക്ഷേ, അടുത്തിടപഴകിയപ്പോൾ അയാളിലെ മോഹങ്ങൾ - അയാളിൽ നിന്ന് തന്നെ വഴുതി പോവുകയാണ്.... പക്ഷേ, ശ്രുതിയിൽ വന്നമാറ്റം അയാളെ അമ്പരിപ്പിക്കുക തന്നെ ചെയ്തു. അച്ചന്റെ സുഹൃത്തെന്ന സുരക്ഷിതത്വ ഭാവത്തിൽ നിന്ന് അയാളുടെ സംസാര - ചലനങ്ങളുടെ - ആകർഷണത്താൽ - അവൾ അയാളുടെ സമപ്രായമെന്ന മാനസികാവസ്ഥയിലേക്ക് മാറാൻ ശ്രമിക്കുകയാണ്... എന്നെ കുട്ടി എന്ന് വിളിക്കരുത് -പേരു വിളിക്കൂ - എന്ന് ആവശ്യപ്പെടുന്നിടത്തെത്തിയപ്പോൾ അവളത് വിളംബരം ചെയ്യുകയാണ്... നമ്മൾ സുഹൃത്തുക്കളാണെന്ന്! ഒരു വേള - വികാരമടക്കാനാവാതെ ശ്രുതി കിച്ചുവിനെ അപ്രതീക്ഷിതമായി കവിളിൽ ഉമ്മ വെയ്ക്കുന്നുമുണ്ട്... കിച്ചു പതറി പോവുകയാണ്.
രാത്രിയിൽ കിച്ചു വിന്റെ പരിചയത്തിലുള്ള തേയില തോട്ടത്തിന് നടുവിലെ ഒരു കൊച്ചു വീട്ടിൽ അവൾ കിടന്നുറങ്ങുന്നു.... മകളെ കുറിച്ചോർത്ത് ഉറക്കമില്ലാത്ത അച്ചനും അമ്മയും....
സാധ്യതകളെ കുറിച്ചോർത്ത് ഉത്ക്കണ്ഠപ്പെട്ട് ആശങ്കയോടെ ജീവിക്കുക എന്നത് മനുഷ്യജീവികളുടെ മാത്രം പ്രത്യേകതയാണ്. ഈ പ്രത്യേക അവസ്ഥയാണ് വിജയനെന്ന അച്ചനിലൂടെ ചിത്രാന്ത്യംവരെ പ്രേഷകരെ കൊണ്ടു പോകുന്നത്. സദാചാരം - എന്ന വാക്ക് തന്നെ ഈ കാലഘട്ടത്തിൽ എത്രമാത്രം നികൃഷ്ടമായ ഒന്നാണെന്ന് ഈ ചിത്രം കാണിച്ചുതരുന്നു.
കാണുക... കാണുന്നവരുടെയുള്ളിൽ ഒരു സദാചാര വാദിയുണ്ടെങ്കിൽ - അതിനെ അടക്കി നിർത്താനെങ്കിലും ഈ ചിത്രം കൊണ്ട് കഴിഞ്ഞേക്കും....