അവാർഡ് ജേതാക്കളിൽ തിരഞ്ഞെടുത്ത 11 പേരൊഴിച്ച് ബാക്കിയുള്ളവർക്കു വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ആയിരിക്കും അവാർഡ് സമ്മാനിക്കുകയെന്നാണ് സർക്കാർ തീരുമാനം. ഈ തീരുമാനത്തിനെതിരെ അവാർഡ് ജേതാക്കളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. എന്നാൽ, അവരെ അനുനയിപ്പിക്കാൻ മന്ത്രി സ്മൃതി ഇറാനി നടത്തിയ ശ്രമം പരാജയപ്പെട്ടു.
വേർതിരിവു കാട്ടുന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നാൽ ചടങ്ങു ബഹിഷ്കരിക്കുമെന്നു മന്ത്രിയിൽനിന്ന് അവാർഡ് സ്വീകരിക്കാൻ നിർദേശിക്കപ്പെട്ട മലയാളികളുൾപ്പെടെ പലരും വ്യക്തമാക്കി. രാഷ്ട്രപതിയിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങുന്ന 11 പേരെ എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുത്തതെന്ന ചോദ്യത്തിനു മന്ത്രി സ്മൃതി ഇറാനിക്കു മറുപടിയില്ലാതായി.
തിരഞ്ഞെടുക്കപ്പെട്ട 11 പേരിൽ കേരളത്തിൽ നിന്നു സംവിധായകൻ ജയരാജ്, ഗായകൻ കെ.ജെ.യേശുദാസ് എന്നിവർ മാത്രമാണുള്ളത്. വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെൻ തുടങ്ങിയവയാണ് രാഷ്ട്രപതി സമ്മാനിക്കുന്ന മറ്റു പുരസ്കാരങ്ങൾ.