ലോക്ക്ഡൗണ്‍: യാത്ര ചെയ്യാന്‍ ആംബുലന്‍സ് ഉപയോഗിച്ച് ബിഗ് ബോസ് താരം, ഒടുവില്‍ പിടിയില്‍

ഞായര്‍, 9 മെയ് 2021 (09:59 IST)
കോവിഡ് നിയന്ത്രണങ്ങള്‍ വെട്ടിച്ച് യാത്ര ചെയ്യാന്‍ ആംബുലന്‍സ് ഉപയോഗിച്ച് ബിഗ് ബോസ് താരം. ആംബുലന്‍സ് അടിയന്തര സേവനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ചെക്ക്‌പോസ്റ്റുകളില്‍ പൊലീസ് പരിശോധന ഉണ്ടാകില്ല. ഈ അവസരം ചൂഷണം ചെയ്താണ് ബിഗ് ബോസ് താരവും യുട്യൂബറുമായ വികാസ് ഫതക് (ഹിന്ദുസ്ഥാനി ബാവു) ആംബുലന്‍സ് ഉപയോഗിച്ച് യാത്ര ചെയ്തത്. മുംബൈയിലാണ് സംഭവം. 
 
ശിവജി പാര്‍ക്കിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനാണ് കര്‍ഫ്യൂ നിലനില്‍ക്കെ വികാസ് ഫതക് ആംബുലന്‍സില്‍ യാത്ര ചെയ്തത്. വഴിയിലുടനീളെ പൊലീസ് ഉണ്ടായിരുന്നെങ്കിലും ആംബുലന്‍സ് തടഞ്ഞില്ല. മഹാരാഷ്ട്രയിലെ എല്ലാ പരീക്ഷകളും കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശിവജി പാര്‍ക്കിലെ പ്രതിഷേധം. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ വികാസ് ആംബുലന്‍സില്‍ എത്തി. വികാസ് ആംബുലന്‍സിലാണ് എത്തുന്നതെന്ന് ശിവജി പാര്‍ക്ക് പൊലീസിന് പിന്നീട് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. യാത്രയ്ക്ക് ആംബുലന്‍സ് ഉപയോഗിച്ച താരത്തിനെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം പൊലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍