'ചുമ്മാ' പുറത്തിറങ്ങേണ്ട, പാസ്‌പോര്‍ട്ട് ക്ലിയറന്‍സ് നടക്കില്ല

ശനി, 8 മെയ് 2021 (15:03 IST)
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടികള്‍ സ്വീകരിച്ച് പൊലീസ്. കോവിഡ് വ്യാപനം അതിതീവ്രമായിരിക്കുന്ന എറണാകുളം ജില്ലയിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നു. ദുരന്തനിവാരണ നിയമപ്രകാരം കേസെടുത്താല്‍ പാസ്‌പോര്‍ട്ട് ക്ലിയറന്‍സ് നടക്കില്ല. വളരെ അത്യാവശ്യ കാര്യമാണെങ്കില്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് പൊലീസ് പറയുന്നു. പുറത്തിറങ്ങുന്നവരുടെ കൈയില്‍ സത്യവാങ്മൂലം നിര്‍ബന്ധമായും വേണം. 

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ യാത്രാപാസ് നിര്‍ബന്ധമാണ്. പൊലീസായിരിക്കും യാത്രാപാസ് അനുവദിക്കുക. ജില്ലാ പൊലീസ് മേധാവിമാരുടെ വെബ്‌സൈറ്റിലാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടത്. മൊബൈലിലോ ഇ-മെയിലിലോ പാസ് ലഭിക്കും. കൂലിപ്പണിക്കാര്‍, ദിവസ വേതനക്കാര്‍ എന്നിവര്‍ക്ക് ജോലിക്ക് പോകാന്‍ പാസ് വേണം. ഈ പാസിനായി തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നല്‍കണം. അടിയന്തര യാത്ര ആവശ്യമുള്ള പൊതുജനങ്ങള്‍ക്കും പാസിന് അപേക്ഷിക്കാം. മരണം, ആശുപത്രി സേവനങ്ങള്‍, ഏറ്റവും അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമാണ് പൊതുജനങ്ങള്‍ക്ക് പാസ് അനുവദിക്കുക. വിവാഹത്തിനു പോകുന്നവര്‍ ക്ഷണക്കത്തും കൈയില്‍ കരുതണം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍