മലയാള സിനിമയിൽ ഒന്നിനു പുറകേ ഒന്നായി വിവാദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിലെ അവസാനത്തേതാണ് ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ ക്ഷണിക്കുന്ന സംഭവം. മോഹൽലാലിനെ ക്ഷണിക്കുന്നതിനെതിരെ ഒരു വിഭാഗം ചലച്ചിത്ര പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
വിഷയത്തിൽ മോഹൻലാലിന് പിന്തുണയുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്. ആർക്കെങ്കിലും മോഹൻലാൽ വരുന്നതിനോട് എതിർപ്പ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയായിരുന്നില്ല പ്രതികരിക്കേണ്ടിയിരുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
വിയോജിപ്പ് ഉണ്ടെങ്കിൽ ഞാൻ വരുന്നില്ല എന്ന തീരുമാനമായിരുന്നു എടുക്കേണ്ടിയിരുന്നത്. നേരത്തെ ഊർമിള ഉണ്ണി പങ്കെടുത്ത പരിപാടിയിൽ ദീപ നിശാന്ത് സ്വീകരിച്ച് നടപടി അഭിനന്ദനാർഹമായിരുന്നു. ഇതു പോലെ ഒപ്പ് ശേഖരിക്കാൻ ദീപ നിന്നിരുന്നില്ല. അതിന് മാന്യതയുണ്ടായിരുന്നെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്നത് മോഹൻലാലിന് നേരെയുളള ആക്രമണമാണ്. ഇതിനു പിന്നിൽ ഗൂഡ ലക്ഷ്യമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരു പക്ഷെ മോഹൻലാൽ അല്ല അമ്മയുടെ പ്രസിഡന്റെങ്കിൽ ഇത്തരത്തിലുള്ള ഒരു സംഭവം നടക്കില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാൽ സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് വലിയ കുറ്റം തന്നെയാണ്. ഇതിൽ മോഹൻലാലും മമ്മൂട്ടിയും തെറ്റുകാർ തന്നെയാണെന്നും ഇവർ പറഞ്ഞു.