'ഞങ്ങളുടെ ഥാമ ലോകയേക്കാളും മാസ്': താരതമ്യം വേണ്ടെന്ന് ആയുഷ്മാന്‍ ഖുറാന

നിഹാരിക കെ.എസ്

വ്യാഴം, 16 ഒക്‌ടോബര്‍ 2025 (15:34 IST)
മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമാണ് ലോക. കല്യാണി പ്രിയദർശൻ നായികയായ ലോക 300 കോടിയും കടന്ന് കുതിക്കുകയാണ്. നാളെയാണ് സിനിമ ഒ.ടി.ടി റിലീസ് ആവുക. മലയാളത്തിലെ ആദ്യ 300 കോടി ചിത്രമാണ് ലോക. ഫാന്റസിയും നാടോടിക്കഥയുമൊക്കെ കോര്‍ത്തിണക്കി അരുണ്‍ ഡൊമിനിക് ഒരുക്കിയ സിനിമ ഇപ്പോഴും തിയേറ്ററിൽ ഓടുന്നു. 
 
ലോകയുടെ വിജയത്തിനിടെയാണ് ബോളിവുഡില്‍ ആയുഷ്മാന്‍ ഖുറാനയുടെ ഥാമ തിയേറ്ററുകളിലേക്ക് എത്തുന്നത്. രശ്മിക മന്ദാന നായികയായ ചിത്രം പറയുന്നതും സമാനമായൊരു യക്ഷിക്കഥയാണ്. മഡ്ഡോക്ക് ഹൊറര്‍ കോമഡി യൂണിവേഴ്‌സിലെ ഏറ്റവും പുതിയ സിനിമയാണ് ഥാമ. യൂണിവേഴ്‌സിലെ മറ്റ് സിനിമകളെല്ലാം വലിയ വിജയങ്ങളായിരുന്നു. അതിനാല്‍ പ്രതീക്ഷയോടെയാണ് ഥാമയ്ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്.
 
എന്നാല്‍ ഥാമയുടെ റിലീസിന് മുമ്പേ ലോക വരികയും ഹിറ്റാവുകയും ചെയ്തതോടെ രണ്ട് സിനിമകളും തമ്മിലുള്ള താരതമ്യം ചെയ്യല്‍ അണിയറ പ്രവര്‍ത്തകര്‍ മുന്നില്‍ കാണുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പലരും ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഥാമയെക്കുറിച്ചും ലോകയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ആയുഷ്മാന്‍ ഖുറാന.
 
ഥാമ ലോകയേക്കാള്‍ കോമഡിയുള്ള, കൂടുതല്‍ മാസ് അപ്പീലുള്ള പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കുമെന്നാണ് ആയുഷ്മാന്‍ പറയുന്നത്. രണ്ട് സിനിമയും തമ്മിൽ സാമ്യതകളൊന്നുമില്ലെന്നും അതുകൊണ്ട് തന്നെ താരതമ്യം ആവശ്യമായി വരുന്നില്ലെന്നും അദ്ദേഹം പറയുന്നു. 
 
''ഞങ്ങളുടെ സിനിമയില്‍ കൂടുതല്‍ തമാശയുണ്ട്. ഞാന്‍ ലോക ആസ്വദിച്ചാണ് കണ്ടത്. ആ സമയത്ത് ഞാന്‍ അലഹബാദില്‍ ഷൂട്ടിലായിരുന്നു. അവിടെ റിലീസുണ്ടായിരുന്നില്ല. ഞങ്ങളുടേത് ഹിന്ദി സംസാരിക്കുന്ന മാര്‍ക്കറ്റിനെ ലക്ഷ്യമാക്കിയുള്ളതാണ്. അതിനാല്‍ ലോകയേക്കാളും മാസ് ആയിരിക്കും. ലോക മള്‍ട്ടിപ്ലക്‌സ് പ്രേക്ഷകര്‍ക്കുള്ളതായിരുന്നു. ഞങ്ങളുടെ കഥാസന്ദര്‍ഭം വേറെയാണ്, കഥ വേറെയാണ്. സാമ്യതകളൊന്നുമില്ല'' എന്നാണ് താരതമ്യങ്ങളോട് ആയുഷ്മാന്‍ പറഞ്ഞത്.
 
'' ഞാന്‍ ലോക കണ്ടിരുന്നു. കല്യാണി എന്റെ സുഹൃത്താണ്. ഡിക്യുവും ടൊവിനോയും കല്യാണിയുമൊക്കെ വേറെ തന്നൊരു ലോകം സൃഷ്ടിക്കുകയായിരുന്നു. ഞങ്ങളുടെ പക്കലുള്ളത് എന്തെന്ന് അറിയുന്നതു കൊണ്ട് പറയുകയാണ് ഇത് വേറൊരു അനുഭവമായിരിക്കും. രണ്ട് സിനിമകളേയും ഒരുമിച്ച് വെക്കാന്‍ പറ്റില്ല. താരതമ്യം ചെയ്യുന്നത് എനിക്ക് മനസിലാകും. പക്ഷെ ഥാമ കണ്ടിറങ്ങുമ്പോള്‍ അത് പുതിയൊരു ചര്‍ച്ചയായിരിക്കും'' എന്നാണ് ചിത്രത്തിലെ നായികയായ രശ്മിക പറഞ്ഞത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍