അങ്ങനെ നിർദേശിച്ചത് മമ്മൂക്കയാണ്: സിനിമയോടുള്ള മമ്മൂട്ടിയുടെ പാഷനെ കുറിച്ച് ആസിഫ് അലി

നിഹാരിക കെ.എസ്

ശനി, 18 ജനുവരി 2025 (10:40 IST)
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം രേഖാചിത്രം ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ബസ്റ്റർ ആണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ 'മമ്മൂട്ടി ചേട്ടൻ' പ്രേക്ഷകർക്കും ഒരു പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്. മമ്മൂട്ടിയുടെ നിർദേശപ്രകാരമാണ് മമ്മൂട്ടി എന്നത് മമ്മൂട്ടി ചേട്ടൻ എന്നാക്കിയത്. ഇതിനെ കുറിച്ച് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ആസിഫ് അലി.
 
സിനിമയുടെ അവസാനം 'പ്രിയപ്പെട്ട രേഖ പത്രോസിന് സ്നേഹപൂർവ്വം മമ്മൂട്ടി' എന്നായിരുന്നു ആദ്യം ഡബ്ബ് ചെയ്തിരുന്നത് എന്നും എന്നാൽ മമ്മൂട്ടി എന്നതിന് പകരം മമ്മൂട്ടി ചേട്ടൻ എന്ന് മാറ്റണമെന്നത് അദ്ദേഹത്തിന്റെ സംഭാവനയായിരുന്നുവെന്നും പറയുകയാണ് നടൻ ആസിഫ് അലി. മമ്മൂക്ക യാത്ര പോകുന്ന ദിവസം രാവിലെ ആറ് മണിക്ക് സ്റ്റുഡിയോയിൽ എത്തിയാണ് ആ സീൻ റീ ഡബ്ബ് ചെയ്തത്. അത്രത്തോളം സമർപ്പണവും പാഷനും അദ്ദേഹത്തിന് സിനിമയോടുണ്ടെന്നും  ആസിഫ് അലി പറഞ്ഞു.
 
'രേഖാചിത്രത്തിൽ ആദ്യം ഡബ്ബ് ചെയ്തത് പ്രിയപ്പെട്ട രേഖ പത്രോസിന് സ്നേഹപൂർവ്വം മമ്മൂട്ടി എന്നായിരുന്നു. മമ്മൂട്ടി എന്നതിൽ നിന്ന് മമ്മൂട്ടി ചേട്ടൻ എന്ന് ആ ഡയലോ​ഗ് മാറ്റി പറയണമെന്നുള്ളത് മമ്മൂക്കയുടെ തന്നെ തീരുമാനമായിരുന്നു. മമ്മൂക്ക ഒരു ഇന്റർനാഷ്ണൽ ട്രിപ്പ് പോകുന്നതിന്റെ തലേ ദിവസം രാത്രിയിലാണ് അദ്ദേഹം ജോഫിന് മെസേജ് അയച്ച് വെളുപ്പിന് 6 മണിക്ക് ഡബ്ബിം​ഗ് കറക്ഷൻ ഉണ്ട് വരണം എന്നു പറ‍ഞ്ഞത്. അദ്ദേഹം ​ഗസ്റ്റ് അപ്പിയറൻസിൽ അഭിനയിച്ച ഒരു പടത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് നമ്മൾ ആലോചിക്കണം. യാത്രപോകുന്ന ദിവസം രാവിലെ അദ്ദേഹം അഞ്ചര മണിക്ക് എത്തി ആറ് മണിക്ക് ഡബ്ബ് ചെയ്ത് ഏഴുമണിക്ക് എയർപോർട്ടിലേക്ക് പോയി. ആ കമ്മിറ്റ്മെന്റ് നമ്മൾ ആലോചിക്കണം. അദ്ദേഹത്തിന് ആ സിനിമയോടുള്ള പാഷനാണ് അത്. ഈ സിനിമ കഴിഞ്ഞിട്ട് അദ്ദേഹത്തിനെ കാണുമ്പോൾ എനിക്കുള്ള എക്സൈറ്റ്മെന്റ് ഇതൊക്കെയായിരുന്നു', ആസിഫ് അലി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍