ബാലതാരമായി സിനിമയിലെത്തിയ ആളാണ് മീനാക്ഷി. ഒപ്പം, അവതാരകയായും പ്രേക്ഷകരുടെ മനം കവരുന്നു. കോളജ് ജീവിതത്തിന്റെ തിരക്കിലാണ് മീനാക്ഷി ഇപ്പോൾ. തന്റെ സ്വകാര്യ ജീവിതത്തിന്റെ വിശേഷങ്ങളൊക്കെ നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം കൂട്ടുകാരനും ഗായകനുമായ കൗശിക്കിന് പിറന്നാളാശംസകൾ നേർന്ന് മീനാക്ഷി എത്തിയിരുന്നു. ഈ പോസ്റ്റ് വലിയ രീതിയിൽ ചർച്ചയായി.
ചിത്രത്തിൽ മീനൂട്ടിക്കൊപ്പം ഉണ്ടായിരുന്ന ആൺകുട്ടി നടിയുടെ കാമുകൻ ആണെന്നും ഇരുവരും പ്രണയത്തിൽ ആണെന്നും തുടങ്ങി കഥകൾ പ്രചരിച്ചു. കൗശിക്കിനൊപ്പം ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചതും പിറന്നാൾ ആശംസയിൽ സൗഹൃദത്തെ പറ്റി പറഞ്ഞ വാക്കുകളുമൊക്കെയായിരുന്നു താരങ്ങൾ പ്രണയത്തിലാണെന്നതരത്തിൽ വാർത്തകൾ പ്രചരിക്കാൻ കാരണമായത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നടിയുടെ പിതാവ് അനൂപ് വിശദീകരണവുമായി രംഗത്തെത്തി.
'മീനുട്ടിയെ കുറിച്ചും കൗശിക്കിനെ കുറിച്ചും സോഷ്യൽ മീഡിയയിലൂടെ വരുന്ന അനുമാനങ്ങൾ കാണുമ്പോൾ ചിരിയാണ് വരുന്നത്. കൗശിക്കിന്റെ കുടുംബവും ഞങ്ങളുടെ കുടുംബവും തമ്മിൽ നല്ല അടുപ്പമാണ് ഉള്ളത്. കൗശിക് നല്ല കുട്ടിയാണ്. അവർ കുടുംബസമേതം ഞങ്ങളുടെ വീട്ടിൽ വരാറുണ്ട്. കൗശിക്കിനെ പോലെ അവന്റെ ഏട്ടനും നല്ല സൗഹൃദത്തോടെ പെരുമാറുന്ന കുട്ടിയാണ്. മീനുട്ടിയുമായി നല്ല കൂട്ടുമാണ്. അതിനപ്പുറം മറ്റ് ബന്ധമെന്നുമില്ലെന്നാണ്,' മനോരമ ഓൺലൈൻ നൽകിയ പ്രതികരണത്തിലൂടെ മീനൂട്ടിയുടെ പിതാവ് അനൂപ് വ്യക്തമാക്കിയത്.