സുന്ദരനല്ലാത്ത തന്നെ ഉമ്മ വെക്കാൻ പ്രിയങ്ക മടിച്ചുവെന്ന് നടൻ; വിവാദമിങ്ങനെ

നിഹാരിക കെ.എസ്

വ്യാഴം, 15 മെയ് 2025 (12:28 IST)
ബോളിവുഡിലെ പ്രമുഖ നടന്മാരിൽ ഒരാളാണ് അന്നു കപൂർ. 2011ൽ റിലീസായ സാത്ത് കൂൺ മാഫിൽ പ്രിയങ്ക ചോപ്രയ്ക്കൊപ്പമുള്ള ചുംബന രംഗത്തിന്റെ പേരിൽ ഇദ്ദേഹം വിവാദത്തിൽ അകപ്പെട്ടിരുന്നു. എന്നാൽ ചിത്രത്തിലെ ആ ചുംബന രംഗത്തിൽ തനിക്കൊപ്പം അഭിനയിക്കാൻ പ്രിയങ്ക ചോപ്ര ഒരുക്കമല്ലായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.

വിശാൽ ഭരദ്വാജിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ തന്നെ ചുംബിക്കുന്ന രംഗത്തിൽ അഭിനയിക്കാൻ പ്രിയങ്ക ചോപ്രയ്ക്ക് മടിയായിരുന്നുവെന്നും താൻ നായക നടനല്ലാത്തതാണ് അതിന് കാരണമെന്നുമാണ് ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അന്നു കപൂർ പറയുന്നത്.
 
'ഞാന്‍ ഹീറോ ആയിരുന്നുവെങ്കില്‍ പ്രിയങ്ക ചോപ്രയ്ക്ക് ഒരു എതിര്‍പ്പും ഉണ്ടാകില്ലായിരുന്നു. ഹീറോയെ ഉമ്മ വെക്കാന്‍ നായികയ്ക്ക് ഒരു എതിര്‍പ്പുമുണ്ടാകില്ല. പക്ഷെ ഇത് ഞാനല്ലേ, സൗന്ദര്യവുമില്ല, വ്യക്തിത്വവുമില്ല. അതുകൊണ്ട് പ്രശ്‌നമായി. പ്രിയങ്കയ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ ആ രംഗം ഒഴിവാക്കാമെന്ന് ഞാന്‍ സംവിധായകനായ വിശാല്‍ ഭരദ്വാജിനോട് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം സമ്മതിച്ചില്ല', അന്നു കപൂർ വ്യക്തമാക്കി.
 
''അവള്‍ക്ക് നാണമാണെന്ന് വിശാല്‍ ഭരദ്വാജ് എന്നോട് പറഞ്ഞു. അവര്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ ആ രംഗം ഒഴിവാക്കാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ എന്തിന് ആ രംഗം ഒഴിവാക്കണം, അത് പ്രധാനപ്പെട്ട രംഗമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ സെറ്റില്‍ തമാശ കളിക്കാന്‍ താല്‍പര്യപ്പെടുന്ന ആളല്ല. അതിനാല്‍ ആ രംഗം പറഞ്ഞത് പോലെ ചെയ്തു. പിന്നീട് സോളോ ഷോട്ടുകള്‍ വന്നപ്പോള്‍ അസിസ്റ്റന്റുകള്‍ പോലും എനിക്ക് കയ്യടിച്ചു", അന്നു കപൂർ കൂട്ടിച്ചേർത്തു. 
 
സിനിമ റിലീസിന് പിന്നാലെ 2011ൽ തന്നെ ഇതേ ആരോപണവുമായി അന്നു കപൂർ രംഗത്തെത്തിയിരുന്നു. എന്നാൽ അന്ന് പ്രിയങ്ക ശക്തമായ ഭാഷയിലാണ് അദ്ദേഹത്തിന്റെ ആരോപണങ്ങളോട് പ്രതികരിച്ചത്. അന്നു കപൂർ അങ്ങനെ സംസാരിച്ചത് ശരിയായില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്ക ചോപ്ര, അന്നു കപൂറിന്റെ പ്രസ്താവന തന്നെ എത്രത്തോളം വേദനിപ്പിക്കുമെന്ന് അദ്ദേഹത്തിന് അറിയില്ലെന്ന് തോന്നുവെന്നും കൂട്ടിച്ചേർത്തു. അദ്ദേഹം സംസാരിച്ചത് ശരിയായ രീതിയല്ല എന്നായിരുന്നു പ്രോയങ്ക പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍