6 വർഷത്തിന് ശേഷം തിരിച്ചുവരവ്; പ്രിയങ്കയുടെ പ്രതിഫലത്തിൽ ഞെട്ടി ബോളിവുഡ്

നിഹാരിക കെ.എസ്

വെള്ളി, 18 ഏപ്രില്‍ 2025 (11:25 IST)
മുംബൈ: ദീപിക പദുക്കോൺ, ആലിയ ഭട്ട്, കരീന കപൂർ ഖാൻ, കത്രീന കൈഫ്, നയൻതാര, രശ്മിക മന്ദാന, സാമന്ത റൂത്ത് പ്രഭു, തൃഷ എന്നിവരാണ് ഇന്ത്യൻ സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാർ. നിലവിൽ ദീപിക പദുക്കോൺ ആണ് ഒന്നാമത്. എന്നാൽ ഒരു നടി അവരെയെല്ലാം മറികടന്നിരിക്കുന്നു. ആറ് വർഷം മുമ്പ് 2019ൽ അവസാനമായി ഒരു ഇന്ത്യൻ ചിത്രത്തിൽ അഭിനയിച്ച പ്രിയങ്കയാണ് ഇപ്പോൾ ഒന്നാമത്.
 
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന രണ്ട് സിനിമകളിലൂടെ മടങ്ങിവരവിന് ഒരുങ്ങുകയാണ് നടി. എസ്എസ് രാജമൗലി, മഹേഷ് ബാബു എന്നിവർക്കൊപ്പമുള്ള എസ്എസ്എംബി29, ഹൃതിക് റോഷനൊപ്പമുള്ള ക്രിഷ് 4 എന്നിവയാണ് ആ രണ്ട് ചിത്രങ്ങൾ. ഈ സിനിമകൾക്കായി നടി വാങ്ങുന്നത് റെക്കോർഡ് പ്രതിഫലമാണ്. ദീപിക പദുക്കോണിനെ മറി കടന്നിരിക്കുകയാണ് പ്രിയങ്ക. 12 മുതൽ 15 കോടി വരെയാണ് ദീപിക പദുക്കോണിന്റെ പ്രതിഫലം.
 
മഹേഷ് ബാബു-രാജമൗലി ചിത്രത്തിനായി 20 കോടിയിലധികമാണ് പ്രിയങ്കയുടെ പ്രതിഫലം. മറുവശത്ത് ഹൃതിക് റോഷൻ പ്രധാന വേഷത്തിൽ എത്തി സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കുന്ന ക്രിഷ് 4ലാണ് പ്രിയങ്ക നായികയാകുന്നത്. രാകേഷ് റോഷനും ആദിത്യ ചോപ്രയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കോയി മിൽ ഗയ (2003), ക്രിഷ് (2006), ക്രിഷ് 3 (2013) എന്നിവയ്ക്ക് ശേഷം ക്രിഷ് സൂപ്പർഹീറോ ഫ്രാഞ്ചൈസിയുടെ നാലാമത്തെ ഭാഗമാണിത്. 2026ൽ ക്രിഷ് 4 എത്തുമെന്നാണ് വിവരം. ഇതിലും 20 കോടിക്ക് അടുത്താണ് പ്രിയങ്കയുടെ പ്രതിഫലം. ഒരു ഇന്ത്യൻ നടിക്ക് ലഭിക്കുന്ന കൂടിയ പ്രതിഫലമാണ് രണ്ട് തവണ ദേശീയ അവാർഡ് വാങ്ങിയ പ്രിയങ്ക ചോപ്ര ഇതിലൂടെ സ്വന്തമാക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍