1000 കോടിയുടെ പടം, പേര് പോലും ഇട്ടിട്ടില്ല, അതിനു മുൻപേ നിര്‍ണ്ണായക രംഗം ചോര്‍ന്നു! രാജമൗലിയും സംഘവും ആശങ്കയിൽ
എസ് എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന ചിത്രമാണ് 'എസ്എസ്എംബി 29' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമ. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജ് വില്ലനായി എത്തുന്നു. പ്രിയങ്ക ചോപ്ര ആണ് നായിക. സിനിമയെ കുറിച്ചുള്ള ഓരോ വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയവുമാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഒരു ലൊക്കേഷന്‍ വീഡിയോ ചോര്‍ന്നിരിക്കുകയാണ്.
രംഗങ്ങൾ പുറത്തുവന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ പലരും ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. ഒരു സിനിമയുടെ അണിയറപ്രവർത്തകരുടെ കഠിനാധ്വാനത്തെ ബഹുമാനിക്കേണ്ടതുണ്ടെന്ന് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നു. ഈ വീഡിയോ ലീക്കായത് രാജമൗലിയെ അത്യധികം ക്ഷുഭിതനാക്കിയതായാണ് തെലുങ്ക് മാധ്യമങ്ങളിലെ വിവരം. ഒപ്പം സെക്യൂരിറ്റി ഏജന്‍സിയെ മാറ്റാന്‍ അദ്ദേഹം നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.