വിവാദങ്ങളിൽ ഇടംപിടിക്കാൻ താൽപ്പര്യമില്ലാത്ത താരമാണ് ആമിർ ഖാൻ. എന്നാൽ ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ സദാചാരവാദികളുടെ ഇരയായിരിക്കുകയാണ്.
മകൾ ഇറയുമൊത്തുള്ള ചിത്രം ഫേസ്‌ബുക്കിൽ പങ്കിട്ടതിന് ശേഷമാണ് ഇത്തരത്തിലുള്ള ട്രോളുകൾ. പുൽത്തകിടിൽ കിടക്കുന്ന ആമിറിന്റെ നെഞ്ചത്ത് കയറി ഇരിക്കുന്ന മകൾ ഇറയുടെ ചിത്രങ്ങളാണ് ഇപ്പോൾ സദാചാരവാദികളുടെ പുതിയ പ്രശ്‌നം. വന്നിരിക്കുന്ന അഭിപ്രായങ്ങളിൽ ഏറെയും മാന്യതവെടിഞ്ഞതാണ്. ചിത്രത്തിൽ ലൈംഗികത കണ്ടെത്താനും ചിലർ മറന്നില്ല.
ഇതെല്ലാം പരസ്യമായിട്ടല്ല അടച്ചിട്ട വാതിലിനുള്ളിൽ വേണമായിരുന്നു എന്നുവരെ കമന്റുകളുണ്ട്. അതുമാത്രമല്ല, ഇറയുടെ വസ്‌ത്രധാരണത്തെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. യൗവനയുക്തയായ പെൺകുട്ടി അച്ഛന്റെ നെഞ്ചിന് മുകളിൽ കയറിയിരിക്കുന്നത് സംസ്‌ക്കാരശൂന്യമാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.
എന്നാൽ സദാചാരവാദികൾക്കെതിരെനിന്ന് ആമിറിനും മകൾക്കും പിന്തുണ നൽകിയും അഭിപ്രായങ്ങൾ ഉണ്ട്. മക്കൾ എത്ര വലുതായാലും മാതാപിതാക്കൾക്ക് അവർ ചെറിയ കുഞ്ഞുങ്ങളാണെന്നും ഇതിൽ ലൈംഗികത കണ്ടെത്താൻ ശ്രമിക്കുന്നത് ആളുകളുടെയും ഈ നാടിന്റെയും പ്രശ്‌നമാണെന്നും പറയുന്നു. ഇത്രയ്‌ക്കും വിവേകശൂന്യരായ ആളുകൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ എന്ന് ചോദിക്കാനും ഇവർ മറന്നില്ല.