മീ ടൂ വിവാദങ്ങള്‍ക്ക് കാരണം ഭക്ഷണത്തിലെ ഹോര്‍മോണുകളാണെന്ന് നടി ഷീല

Webdunia
വെള്ളി, 7 ജൂണ്‍ 2019 (14:28 IST)
‘മീ ടു’ വെളിപ്പെടുത്തലില്‍ നിലപാട് വ്യക്തമാക്കി നടി ഷീല. മാറിയ ഭക്ഷണ രീതികളാണ് ഇന്നത്തെ സ്ത്രീപ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഷീല പറഞ്ഞു. ആദ്യ കാലങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും, തനിക്കൊക്കെ നല്ലപോലെ ബഹുമാനം ലഭിച്ചിരുന്നുവെന്നും ഷീല പറഞ്ഞു. കേരള സര്‍ക്കാറിന്റെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ലഭിച്ചതിന് ശേഷം ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഷീല തന്റെ മീ ടു നിലപാട് വ്യക്തമാക്കിയത്.
 
ഇന്നത്തെ ഭക്ഷണരീതി പുരുഷനെ 90ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമായും മാറ്റുന്നു. ഇന്ന് സിനിമ ലോകത്ത് സ്ത്രീകളനുഭവിക്കുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ തന്റെ കാലത്ത് ഇല്ലായിരുന്നു. ആരും തന്നെ സിനിമയില്‍ ശല്യംചെയ്തിട്ടില്ല. താന്‍ സിനിമയില്‍ നായികയായി അഭിനയിച്ച കാലത്ത് ഷൂട്ടിങ്ങുകള്‍ കൂടുതലും നടന്നിരുന്നത് നിറയെ മരങ്ങളുള്ള പ്രദേശങ്ങളിലായിരുന്നുവെന്നും ഇത് മനസമാധാനത്തോടെ നിലനില്‍ക്കാന്‍ കാരണമായെന്നും ഷീല അഭിപ്രായപ്പെടുന്നു.
 
സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവരുടെ നെറ്റിയില്‍ സ്ത്രീ പീഡകരെന്ന് ചാപ്പ കുത്തണമെന്നാണ് ഇതിന് പ്രതിവിധിയായി ഷീല പറയുന്നത്. അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടിയുമായി രംഗത്ത് വരണമെന്നും ഷീല ആവശ്യപ്പെട്ടു. അഭിനയിക്കാന്‍ പ്രത്യേകമായ കഴിവുകള്‍ വേണ്ടെന്നും ഒരു നല്ല എഡിറ്ററാണ് സിനിമയെ മനോഹരമായ കാഴ്ച്ചാനുഭവമാക്കി മാറ്റുന്നതെന്നും ഷീല അഭിമുഖത്തില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article