പാന്‍ മസാല പരസ്യത്തില്‍ അക്ഷയ് കുമാര്‍, പറഞ്ഞ വാക്ക് പാലിക്കാത്ത നടനെന്ന് ആരാധകര്‍, മറുപടിയുമായി താരം

കെ ആര്‍ അനൂപ്

ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (15:09 IST)
പറഞ്ഞ വാക്ക് പാലിക്കാത്ത ആളാണ് അക്ഷയ് കുമാര്‍ എന്ന വിമര്‍ശനങ്ങള്‍ക്കെതിരെ നടന്‍ തന്നെ രംഗത്ത്. പാന്‍ മസാല പരസ്യങ്ങളില്‍ താന്‍ ഇനി അഭിനയിക്കില്ലെന്നായിരുന്നു അക്ഷയ്കുമാര്‍ പറഞ്ഞത്. അക്ഷയ്കുമാറും അജയ് ദേവ്ഗണും ഷാരൂഖാനും അഭിനയിക്കുന്ന പാന്‍ മസാല പരസ്യം പുറത്തുവന്നതോടെ നടനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. വാക്കുപാലിക്കാത്ത നടനാണ് അക്ഷയ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ നടനെതിരെ ഉണ്ടായ പ്രചാരണം. ഇപ്പോള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം.
ഇപ്പോള്‍ എത്തിയ പരസ്യം താന്‍ മുമ്പ് ആ പാന്‍ മസാല ബ്രാന്‍ഡുമായി ഉണ്ടായിരുന്ന കരാര്‍ അവസാനിക്കുന്നതിന് മുമ്പ് ഷൂട്ട് ചെയ്തതാണെന്നും വ്യാജ വാര്‍ത്തകളുടെ പിന്നാലെ പോകാതെ യാഥാര്‍ത്ഥ്യം അറിയാനുള്ള ക്ഷമ കാണിക്കണമെന്നും ആരാധകരോട് നടന്‍ ആവശ്യപ്പെട്ടു. 
അടുത്തിടെ വലിയ ചര്‍ച്ചയായ വിഷയമായിരുന്നു ഇന്ത്യ പേര് മാറ്റല്‍. പിന്നാലെ അക്ഷയ് കുമാര്‍ നായകനായി എത്തിയ സിനിമയുടെ ടൈറ്റില്‍ ഭാരതം എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.'മിഷന്‍ റാണിഗഞ്ച്: ദി ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യു' എന്നായിരുന്നു സിനിമയുടെ ആദ്യത്തെ പേര്.'മിഷന്‍ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്‌ക്യു' എന്നതാണ് പുതിയ പേര്. സിനിമയുടെ ടൈറ്റില്‍ മാറ്റിയതിനെക്കുറിച്ച് അക്ഷയ് കുമാറിന് പറയാനുള്ളത് ഇതാണ്.
 
  ഭാരത് എന്നാക്കി മാറ്റിയതില്‍ തെറ്റൊന്നുമില്ല എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. 'ഭാരതം ഒരു തെറ്റായ പേരാണോ? ഇന്ത്യ എന്ന പേരും തെറ്റല്ല, തികച്ചും ശരിയാണ്. ഭാരതം ഒരു മഹത്തായ പേരായതിനാല്‍ ഞങ്ങള്‍ സിനിമയുടെ ടാഗ്ലൈന്‍ മാറ്റി. നമ്മുടെ ഭരണഘടനയിലും ഈ പേരുണ്ട്. അതിനാല്‍ ഞങ്ങള്‍ ഈ തീരുമാനത്തില്‍ എത്തുക ആയിരുന്നു'-അക്ഷയ്കുമാര്‍ പറഞ്ഞു.
  
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍