ആഗ്രഹത്തിനൊപ്പം അധ്വാനവും ചേരുമ്പോള്‍ വിജയത്തില്‍ കുറഞ്ഞത് ഒന്നും തിരിച്ചു കിട്ടില്ലെന്ന് കാലം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ആടുജീവിതം സിനിമയ്ക്കായി വര്‍ഷങ്ങളുടെ അധ്വാനം, 16 വര്‍ഷത്തില്‍ കൂടുതല്‍ ഒരു സിനിമയുടെ പുറകെ, കരിയറില്‍ ഉയര്‍ന്ന സമയത്തിലൂടെ കടന്നു പോകുമ്പോഴും വമ്പന്‍മടന്മാര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ അവസരം ലഭിക്കുമ്പോഴും അതൊന്നും വേണ്ടെന്ന് വെച്ച് ആടുജീവിതം എന്ന തന്റെ സ്വപ്നത്തിന് പുറകെ സഞ്ചരിച്ച ആളാണ് സംവിധായകന്‍ ബ്ലെസ്സി. ആടുജീവിതം പ്രേക്ഷകര്‍ സ്വീകരിച്ച സന്തോഷത്തിലാണ് സംവിധായകനും പൃഥ്വിരാജും ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ സംവിധായകന്‍ എം പത്മകുമാറും സിനിമയെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.
' ഒരു സിനിമ തീരുമ്പോള്‍ തിയറ്റര്‍ ഒന്നടങ്കം എഴുന്നേറ്റു നിന്നു കയ്യടിക്കുന്നതാണ് ആ സിനിമക്കും അതിന്റെ സൃഷ്ടാക്കള്‍ക്കും കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം എന്നു ഞാന്‍ വിശ്വസിക്കുന്നു. 'ആടുജീവിത'ത്തെ സംബന്ധിച്ച് ആ ഹര്‍ഷാരവങ്ങള്‍ ഒരു തുടക്കം മാത്രമാണ്. ഇനിയും എത്രയെത്രയോ പ്രദര്‍ശനശാലകളില്‍, ചലച്ചിത്രോത്സവങ്ങളില്‍, പുരസ്‌കാരവേദികളില്‍ മുഴങ്ങാനിരിക്കുന്നു ആടുജീവിതം എന്ന സിനിമക്കും ബെന്യാമിന്‍ എന്ന കഥാകാരനും ബ്ലെസ്സി എന്ന സംവിധായകനും പൃഥ്വിരാജ് എന്ന നായകനും വേണ്ടിയുള്ള ആരവങ്ങളും അഭിനന്ദനങ്ങളും. ഹൃദയത്തിലേക്ക് ഇത്രയേറെ ആഴ്ന്നിറങ്ങിയ ഒരു ചലച്ചിത്രം അടുത്ത കാലത്തൊന്നും മലയാളസിനിമ അനുഭവിച്ചിട്ടുണ്ടാവില്ല, തീര്‍ച്ച. ഹര്‍ഷാരവങ്ങളുടെ അലയൊലികള്‍ അവസാനിച്ചിട്ടും കണ്ണും മനസ്സും നിറഞ്ഞ് തിയ്യേറ്റര്‍ വിട്ടുപോകാന്‍ മടിക്കുന്ന പ്രേക്ഷകര്‍ തന്നെ അതിന്റ ദൃഷ്ടാന്തം... അഭിനന്ദനങ്ങള്‍ പ്രിയ ബ്ലെസ്സി... പൃഥ്വിരാജ്... പിന്നെ ഈ മഹനീയ ചലച്ചിത്രത്തിന്റെ മുന്നിലും പിന്നിലുമുള്ള ഓരോരുത്തര്‍ക്കും',-എം പത്മകുമാര്‍ കുറിച്ചു.