Prithviraj Sukumaran: ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം' മലയാളവും കടന്ന് ചര്‍ച്ചയായിരിക്കുകയാണ്. പൃഥ്വിരാജ് ഇല്ലായിരുന്നെങ്കില്‍ 'ആടുജീവിതം' സിനിമയാകില്ലെന്ന് മലയാളികള്‍ക്ക് ഉറപ്പാണ്. കാരണം ആടുജീവിതത്തിലെ നജീബ് ആകാന്‍ പൃഥ്വി എടുത്ത പരിശ്രമങ്ങള്‍ക്ക് മുകളില്‍ ഇന്ത്യയിലെ ഒരു നടനും പോകാന്‍ പറ്റില്ല. നജീബ് എന്ന കഥാപാത്രത്തിനു പൂര്‍ണത ലഭിക്കാന്‍ സ്വന്തം ശരീരത്തെ പോലും പൃഥ്വി പരീക്ഷണ വസ്തുവാക്കി. പട്ടിണി കിടന്നും അപകടകരമാം വിധം ശരീരഭാരം കുറച്ചും പൃഥ്വി നജീബിനായി സ്വയം സമര്‍പ്പിച്ചു. അതിന്റെ ഫലമാണ് പൃഥ്വിരാജിന് ഇപ്പോള്‍ കിട്ടുന്ന ഓരോ കൈയടിയും..!
വിവാദങ്ങളിലൂടെ കരിയറിനു തുടക്കമിട്ട നടനാണ് പൃഥ്വിരാജ്. സുകുമാരന്റെയും മല്ലികയുടെയും മകനായിട്ടു കൂടി പൃഥ്വിരാജിനെ ഒതുക്കാന്‍ മലയാളത്തില്‍ പലരും ശ്രമിച്ചിരുന്നെന്ന് അക്കാലത്ത് ആരോപണമുണ്ടായിരുന്നു. സാക്ഷാല്‍ തിലകന്‍ തന്നെ അത്തരത്തിലൊരു പരാമര്‍ശം ഒരിക്കല്‍ നടത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റെ സിനിമകള്‍ക്ക് ചിലര്‍ ആളെ വിട്ട് കൂവിക്കുന്നു എന്നായിരുന്നു ഒരു അഭിമുഖത്തില്‍ തിലകന്‍ പറഞ്ഞത്. പൃഥ്വിരാജ് ഡയലോഗ് പറയുമ്പോഴേക്കും കൂവല്‍ തുടങ്ങും. 'നീയൊന്നും അങ്ങനെ വളരാറായിട്ടില്ല' എന്ന മനോഭാവമായിരുന്നു പൃഥ്വിവിനോട് പലര്‍ക്കുമെന്ന് തിലകന്‍ തുറന്നടിച്ചു. മലയാളത്തില്‍ നിന്നുള്ള മറ്റൊരു സൂപ്പര്‍താരത്തിനെതിരെയായിരുന്നു തിലകന്റെ ഒളിയമ്പ്.
കരിയറിന്റെ തുടക്കം മുതല്‍ തന്റെ സിനിമാ ജീവിതം ഏത് ട്രാക്കില്‍ പോകണമെന്ന് പൃഥ്വിരാജിന് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. പക്ഷേ മലയാളികള്‍ക്ക് പൃഥ്വി പറയുന്ന കാര്യങ്ങള്‍ തിരിയാന്‍ സമയമെടുത്തു. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കണമെന്ന് പൃഥ്വി പറഞ്ഞപ്പോള്‍ അവരുടെ ആരാധകര്‍ക്ക് അത് ദഹിച്ചില്ല. ഈ പരാമര്‍ശത്തിന്റെ പേരില്‍ പൃഥ്വി അന്ന് നേരിട്ട ട്രോളുകളും വിമര്‍ശനങ്ങളും ചില്ലറയല്ല.
ഫെയ്‌സ്ബുക്ക് സജീവമാകുന്ന കാലത്ത് മലയാളികളുടെ ട്രോള്‍ മെറ്റീരിയല്‍ ആയിരുന്നു പൃഥ്വിരാജ്. 'രാജപ്പന്‍' എന്നു വിളിച്ച് അധിക്ഷേപിച്ചപ്പോഴും തന്റെ കരിയറില്‍ മാത്രം ശ്രദ്ധിച്ച് രാജു മുന്നോട്ടു പോയി. കളിയാക്കുന്നവരെല്ലാം തന്റെ സിനിമയ്ക്കായി ക്യൂ നില്‍ക്കുമെന്ന കോണ്‍ഫിഡന്‍സ് അന്നേ പൃഥ്വിരാജിന് ഉണ്ടായിരുന്നു. ആ കോണ്‍ഫിഡന്‍സാണ് ഇപ്പോള്‍ ആടുജീവിതം വരെ എത്തിയിരിക്കുന്നത്. അന്ന് ട്രോളിയവരെല്ലാം ഇന്ന് പൃഥ്വിവിനെ നോക്കി അഭിമാനത്തോടെ പറയുന്നത് മലയാളത്തിന്റെ 'ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ്' എന്നാണ്. സിനിമയുടെ സകല മേഖലകളിലും ഇന്ന് പൃഥ്വിരാജ് എന്ന പേരുണ്ട്. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറായി മാറിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്..!