മലയാള സിനിമയെ ഇളക്കിമറിച്ച കൂട്ടുകെട്ടായിരുന്നു സിദ്ദിക്ക്-ലാല്‍. റാംജിറാവു സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ അഞ്ചുമെഗാഹിറ്റുകള്‍ സൃഷ്ടിച്ച വിസ്മയ കൂട്ടുകെട്ട്. തിയേറ്ററുകളെ ജനസമുദ്രമാക്കാന്‍ ‘സിദ്ദിക്ക്-ലാല്‍’ എന്ന ടൈറ്റില്‍ മാത്രം മതിയായിരുന്നു. കാബൂളിവാലയോടെ അവര്‍ പിരിഞ്ഞു. പിന്നെയും സിദ്ദിക്ക് വമ്പന്‍ ഹിറ്റുകള്‍ സംവിധാനം ചെയ്തു. ലാല്‍ നടനും നിര്‍മ്മാതാവും സംവിധായകനുമായി മലയാള സിനിമയെ നിയന്ത്രിക്കുന്ന നില വരെ എത്തി.
ഇനി എന്നെങ്കിലും ‘സിദ്ദിക്ക്-ലാല്‍’ എന്ന ടൈറ്റില്‍ സംവിധായകന്‍റെ സ്ഥാനത്ത് കാണാനാകുമോ? ‘ഇല്ല’ എന്നുറപ്പിച്ചുപറയുന്നത് സിദ്ദിക്ക് തന്നെയാണ്.
“സിദ്ദിക്ക്-ലാല്‍ എന്ന ടൈറ്റില്‍ ഇനിയുണ്ടാകില്ല. ഇപ്പോള്‍ ഞാനും ലാലും ഇന്‍ഡിപെന്‍റാണ്. ഒരുമിച്ച് സംവിധാനം ചെയ്താല്‍ ഞങ്ങളുടെ സ്റ്റൈലുകള്‍ തമ്മില്‍ ക്ലാഷ് വരും. പഴയ രീതിയില്‍ സംവിധാനം ചെയ്താല്‍ പഴഞ്ചനായി പോകുകയും ചെയ്യും” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ സിദ്ദിക്ക് പറയുന്നു.
അപ്പോള്‍ ദിലീപ് നായകനാകുന്ന ചിത്രത്തിലൂടെ ‘സിദ്ദിക്ക്-ലാല്‍’ തിരിച്ചുവരുന്നു എന്നുകേട്ടതോ? സിദ്ദിക്കും ലാലും ഒന്നിക്കുന്നു എന്നുകേട്ടത് സത്യം തന്നെയാണ്. പക്ഷേ അവിടെയും സംവിധായകരായി ‘സിദ്ദിക്ക്-ലാല്‍’ എന്ന ടൈറ്റില്‍ ഉണ്ടാകില്ല.
“കിംഗ് ലയര്‍ എന്ന ദിലീപ് ചിത്രമാണ് ഞങ്ങളുടെ പ്രൊജക്ട്. കിംഗ് ലയറെന്നാല്‍ നുണകളുടെ രാജാവ്. ഞാനാണ് കഥയും തിരക്കഥയുമെഴുതുന്നത്. ലാല്‍ സംവിധാനം ചെയ്യും” - സിദ്ദിക്ക് വ്യക്തമാക്കി.