തമിഴില്‍ സൂപ്പര്‍താരങ്ങള്‍ പരാജയത്തിന്‍റെ നടുക്കടലിലാണ്. ഏതു കഥ സ്വീകരിക്കണം, ഏതു സംവിധായകനെ പരീക്ഷിക്കണം, സിനിമയില്‍ എന്തു ഗെറ്റ് അപില്‍ പ്രത്യക്ഷപ്പെടണം എന്നൊക്കെ തല പുകഞ്ഞ് ആലോചിക്കുകയാണ് അവര്‍.
രജനീകാന്തിന്‍റെ കുസേലന്‍, അജിത്തിന്‍റെ ഏകന്‍, വിജയ്‌യുടെ വില്ലു, കുരുവി, അഴകിയ തമിഴ്മകന്‍, വിക്രമിന്‍റെ ഭീമ തുടങ്ങി വമ്പന്‍മാരുടെ വന്‍ ചിത്രങ്ങളെല്ലാം ബോക്സോഫീസ് ദുരന്തങ്ങളായി മാറിയിരുന്നു. പത്തും പതിനഞ്ചും കഥാപാത്രങ്ങളെയൊക്കെ ഒരു സിനിമയില്‍ തന്നെ അവതരിപ്പിച്ചാലോ എന്നൊക്കെയാണ് താരങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.
അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് പുതിയ ഗെറ്റ് അപുകള്‍ കൊടുക്കുകയാണ് സൂപ്പര്‍സ്റ്റാറുകളെ മറ്റൊരു നീക്കം. നടന്‍ അജിത് തന്‍റെ ‘അസല്‍’ എന്ന ചിത്രത്തില്‍ ഒരു ‘വീരപ്പന്‍ മീശ’യുമായാണത്രേ പ്രത്യക്ഷപ്പെടുന്നത്. വമ്പന്‍ മീശയുമായി വന്ന് ചരിത്രവിജയം നേടാമെന്നൊക്കെയാണ് താരത്തിന്‍റെ കണക്കുകൂട്ടല്‍.
ശിവാജി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശരണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലുടനീളം അജിത്തിന് ഈ ഗെറ്റ് അപ് ആണത്രേ. മുന്‍പ് ‘വിരുമാണ്ടി’ എന്ന സിനിമയില്‍ കമലഹാസന്‍ ഈ രൂപത്തില്‍ അഭിനയിച്ചിരുന്നു. കാതല്‍മന്നന്‍, അമര്‍ക്കളം, അട്ടഹാസം എന്നീ ഹിറ്റു ചിത്രങ്ങള്‍ അജിത്തിന് സമ്മാനിച്ചയാളാണ് ശരണ്‍.
മീശയിലും താടിയിലുമൊന്നും കാര്യമില്ല, നല്ല കഥയും തിരക്കഥയും മികച്ച സംവിധാനവുമൊക്കെയാണ് പടം രക്ഷപെടാന്‍ കാരണമെന്ന് താരങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയണമെന്നാണ് കാണിക്ക് പറയാനുള്ളത്.