സംവൃത തിരിച്ചെത്തുന്നു; ലാല്‍ജോസ് ചിത്രത്തില്‍ മോഹന്‍ലാലിന് നായിക?

Webdunia
ബുധന്‍, 6 ജനുവരി 2016 (16:29 IST)
മലയാളത്തിന്‍റെ പ്രിയനായികയായിരുന്ന സംവൃത സുനില്‍ തിരിച്ചെത്തുന്നു. വിവാഹത്തിന് ശേഷം സിനിമ വിട്ട് കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സംവൃത ഭര്‍ത്താവ് അഖിലിന്‍റെ പിന്തുണയോടെയാണ് മടങ്ങിവരവിന് ശ്രമിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സംവൃത സിനിമയില്‍ തന്‍റെ രണ്ടാം ഇന്നിംഗ്സ് കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിംഗ്സ് ആയിരുന്നു സംവൃത അഭിനയിച്ച അവസാന സിനിമ. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയ സംവൃത ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ ഒരു ബിസിനസും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സംവൃതയ്ക്ക് ഒരു മകന്‍ പിറന്നിരുന്നു - അഗസ്ത്യ എന്നാണ് പേര്.
 
‘രസികന്‍’ എന്ന ചിത്രത്തിലൂടെ സംവൃതയെ സിനിമയില്‍ അവതരിപ്പിച്ചത് ലാല്‍ ജോസാണ്. പിന്നീട് ലാല്‍ ജോസിന്‍റെ ആറ്‌ സിനിമകളില്‍ സംവൃത അഭിനയിച്ചു.
 
മടങ്ങിവരവും ഒരു ലാല്‍ ജോസ് ചിത്രത്തിലൂടെയാകണമെന്നാണ് സംവൃതയും ആഗ്രഹിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ഒരു സിനിമ ചെയ്യാനുള്ള ആലോചനയിലാണ്. ആ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി സംവൃതയെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.