വേരുകള്‍ മറക്കില്ല, കടപ്പാട് വിനയനോട്: ജയസൂര്യ

Webdunia
തിങ്കള്‍, 28 ഫെബ്രുവരി 2011 (15:04 IST)
PRO
താന്‍ ഒരിക്കലും തന്‍റെ വേരുകള്‍ മറക്കില്ലെന്നും മലയാള സിനിമയില്‍ ഏറ്റവും കടപ്പാടുള്ളത് സംവിധായകന്‍ വിനയനോടാണെന്നും നടന്‍ ജയസൂര്യ. ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിനയനോടുള്ള തന്‍റെ ബഹുമാനം താരം ആവര്‍ത്തിച്ച് പ്രകടമാക്കിയത്.

“ഞാന്‍ ഒരിക്കലും എന്‍റെ വേരുകള്‍ മറന്നിട്ടില്ല. ഞാന്‍ ആരായിരുന്നു എന്ന കാര്യവും മറക്കില്ല. ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ ഒരു മാറ്റത്തിനും വിധേയനായിട്ടില്ല. എന്‍റെ നേട്ടങ്ങള്‍ക്കും വിജയങ്ങള്‍ക്കും പലരോടും കടപ്പാടുണ്ടെങ്കിലും ഏറ്റവും കടപ്പെട്ടിരിക്കുന്നത് എന്നെ സിനിമയില്‍ ആദ്യമായി പരിചയപ്പെടുത്തിയ വിനയന്‍ സാറിനോടാണ്.” - ജയസൂര്യ പറയുന്നു.

“ഒരു മിമിക്രി ആര്‍ട്ടിസ്റ്റെന്ന നിലയില്‍ നിന്ന് തൊഴില്‍ പരമായി ഞാന്‍ ഏറെദൂരം മുന്നോട്ടുവന്നിട്ടുണ്ട്. ക്യാമറയുടെ മുന്നില്‍ ഞാന്‍ ഒരു നടനാണ്. എന്നാല്‍ എന്‍റെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നും ഞാന്‍ ചെയ്യില്ല.” - ജയസൂര്യ വ്യക്തമാക്കി.

താന്‍ അഭിനയിച്ച വളരെക്കുറച്ചു ചിത്രങ്ങളേ തനിക്ക് ഇഷ്ടമുള്ളൂ എന്നും ജയസൂര്യ പറയുന്നു. “ഇത്രയും കാലത്തെ അഭിനയജീവിതത്തിനിടയില്‍ വളരെ കുറച്ചു സിനിമകളേ എനിക്ക് ഇഷ്ടമുള്ളൂ. സ്വപ്നക്കൂട്, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, കംഗാരു, പോസിറ്റീവ്, ചതിക്കാത്ത ചന്തു, പത്താം നിലയിലെ തീവണ്ടി, വൈരം, ക്ലാസ്മേറ്റ്സ്, അറബിക്കഥ, കോക്‍ടെയില്‍, ഫോര്‍ ഫ്രണ്ട്സ്, ഗുലുമാല്‍ തുടങ്ങിയവ.” - ജയസൂര്യ പറഞ്ഞു.