പൃഥ്വിരാജിന് കഴിഞ്ഞ വര്‍ഷം നല്ല സിനിമകള്‍ കിട്ടി. ഇന്ത്യന്‍ റുപ്പിയും ഉറുമിയും വീട്ടിലേക്കുള്ള വഴിയും കിട്ടി. പക്ഷേ ഏറെ തിരിച്ചടികളും ഒപ്പം കിട്ടിയ വര്‍ഷമായിരുന്നു 2011. പൃഥി ഒട്ടേറെ വിവാദങ്ങളില്‍ പെട്ടു. ഏറെ അപവാദപ്രചരണങ്ങള്‍ നടനെക്കുറിച്ചുണ്ടായി. പല പ്രൊജക്ടുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ഒടുവില്‍ വിവാദങ്ങളോട് നിശബ്ദത പാലിച്ച് പൃഥ്വി തന്‍റെ ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
അതിന് ഫലമുണ്ടായിരിക്കുന്നു. തന്‍റെ താരസിംഹാസനത്തിലേക്ക് പൃഥ്വിരാജ് ശക്തമായി മടങ്ങിവരികയാണ്. ഈ വര്‍ഷം വമ്പന്‍ പ്രൊജക്ടുകളാണ് പൃഥ്വിയുടേതായി റിലീസ് ചെയ്യാനൊരുങ്ങുന്നത്. അതില്‍ ഒരു ഹിന്ദിച്ചിത്രവുമുണ്ട്!
ജോണി ആന്‍റണി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ‘മാസ്റ്റേഴ്സ്’ പ്രദര്‍ശനത്തിന് തയ്യാറായിക്കഴിഞ്ഞു. തമിഴ് താരവും സംവിധായകനുമായ ശശികുമാര്‍ ഈ സിനിമയിലൂടെ മലയാളത്തിലെത്തും. ഡോ.ബിജു സംവിധാനം ചെയ്ത ‘ആകാശത്തിന്‍റെ നിറ’മാണ് മറ്റൊരു പ്രൊജക്ട്. ഈ സിനിമ പൂര്‍ണമായും ആന്‍ഡമാനിലാണ് ചിത്രീകരിച്ചത്.
ദീപന്‍ സംവിധാനം ചെയ്യുന്ന ‘ഹീറോ’ എന്ന സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. സ്റ്റണ്ട് മാസ്റ്റര്‍ ടാര്‍സണ്‍ ആന്‍റണി എന്ന കഥാപാത്രത്തെയാണ് പൃഥ്വി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. അമല്‍ നീരദിന്‍റെ ‘ബാച്ച്ലര്‍ പാര്‍ട്ടി’യിലും പൃഥ്വിയുണ്ട്.
ഷാജി കൈലാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിംഹാസനം എന്ന പ്രൊജക്ടിലും നായകന്‍ പൃഥ്വിരാജാണ്. അനുരാഗ് കശ്യപ് നിര്‍മ്മിക്കുന്ന ഹിന്ദിച്ചിത്രം ‘അയ്യാ’യില്‍ പൃഥ്വി തന്നെ ഹീറോ. റാണി മുഖര്‍ജിയാണ് നായിക.
റോഷന്‍ ആന്‍ഡ്രൂസിന്‍റെ മുംബൈ പൊലീസ് ആണ് പൃഥ്വി നായകനാകുന്ന മറ്റൊരു മെഗാ പ്രൊജക്ട്. ആ സിനിമയില്‍ ആര്യയും അഭിനയിക്കുന്നുണ്ട്. അതെ, പൃഥ്വി ഇടവേളയെടുത്ത കുറച്ചുനാളുകളില്‍ ആ സ്പേസ് തട്ടിയെടുക്കാന്‍ ശ്രമിച്ചവരുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിച്ച് ബിഗ്സ്റ്റാര്‍ മടങ്ങിവരികയാണ്.