ലോഡ്‌ജ് വിജയം, അനൂപ് മേനോന്‍ ഹോട്ടലുമായെത്തുന്നു!

Webdunia
ഞായര്‍, 31 മാര്‍ച്ച് 2013 (15:28 IST)
PRO
PRO
ട്രിവാന്‍ഡ്രം ലോഡ്ജിന്റെ വിജയത്തിനുപിന്നാലെ അടുത്ത ഹിറ്റിനായി അനൂപ് മേനോന്‍- ജയസൂര്യ കൂട്ടുകെട്ട് ഒരുമിക്കുന്നു. അനൂപ് മേനോന്റെ തിരക്കഥയില്‍ അജി ജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹോട്ടല്‍ കാലിഫോര്‍ണിയ.

അഞ്ചു നഗരങ്ങളില്‍ നിന്നും അഞ്ചു പേര്‍ കൊച്ചിയിലെത്തുന്നു. ഇവരെ കാത്ത് അഞ്ചു കഥകളും കൊച്ചിയിലുണ്ടായിരുന്നു. ഇവരെയെല്ലാം ഒരാള്‍ ഒന്നിപ്പിക്കുന്നു. എന്താണ് അയാളുടെ ഉദ്യമം? ഇവിടെനിന്ന് ചിത്രം വഴിത്തിരിവിലെത്തുന്നു.

സൂപ്പര്‍ സ്റ്റാര്‍ പ്രേംസാഗര്‍ ദുബായില്‍നിന്നും മറ്റൊരാളുടെ കാരിയര്‍ ഏജന്റായി എത്തുന്ന റഫീഖ്, വന്‍കിട ഇടപാടുകളുമായി എത്തുന്ന അരുണ്‍സിംഗ്, കൊച്ചി മെട്രോയുടെ എഞ്ചിനിയര്‍, സിറ്റി പോലീസ് കമ്മീഷണര്‍ ഇവരായിരുന്നു വ്യത്യസ്ത അനുഭവങ്ങളുമായി ഈ നഗരത്തില്‍ വന്നു പെട്ടവര്‍.

ഇവരെയെല്ലാം കാത്ത് ഒരോരുത്തര്‍. അതിലൊരാള്‍ എയര്‍പോര്‍ട്ട് ജിബിയാണ്. എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിലൂടെ ചുറ്റിക്കളി നടത്തുന്ന ജിബിക്കും ഈ കഥാപാത്രങ്ങളെല്ലാവരുമായി ഇവരെ പരസ്പരം ബന്ധപ്പെടുത്തേണ്ടതായും വരുന്നു. ഈ ബന്ധപ്പെടലിനിടയിലുണ്ടാകുന്ന സംഭവങ്ങളാണ് ഏറെ രസകരമായി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എയര്‍പോര്‍ട്ട് ജിബിയെ ജയസൂര്യയും പ്രേംസാഗറിനെ അനൂപ് മേനോനും അവതരിപ്പിക്കുന്നു.

ജയസൂര്യയും അനൂപ്‌മേനോനും പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ചിത്രത്തില്‍ ആറു നായികമാരുടെ സാന്നിദ്ധ്യവുമുണ്ട്. മരിയ, ഹണി റോസ്, അപര്‍ണ നായര്‍ എന്നിവരാണ് ചിത്രത്തിലെ ആറു നായികമാരില്‍ മൂന്നുപേര്‍.