തന്‍റെ പ്രസ്റ്റീജ് ചിത്രമായ ‘ലീല’ രഞ്ജിത് മാറ്റിവച്ചതായി സൂചന. ഈ സിനിമയുടെ തിരക്കഥ കൂടുതല്‍ സമയമെടുത്ത് എഴുതണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ ഇത് മാറ്റിവച്ച് മറ്റൊരു പ്രൊജക്ട് ആരംഭിക്കാമെന്ന് രഞ്ജിത് തീരുമാനിച്ചതായാണ് അറിയുന്നത്. അതും മമ്മൂട്ടി പ്രൊജക്ട് തന്നെയാണ്. ജര്‍മ്മനിയില്‍ നടക്കുന്ന ഒരു കഥയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മമ്മൂട്ടിയെയും റിമ കല്ലിങ്കലിനെയും ജോഡിയാക്കിയാണ് രഞ്ജിത് ‘ലീല’ തുടങ്ങാനിരുന്നത്. ഏപ്രിലില്‍ ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ‘ലീല’ അല്‍പ്പം കോംപ്ലിക്കേറ്റഡ് വിഷയമായതിനാല്‍ ഇത് പിന്നീട് തുടങ്ങാമെന്ന് രഞ്ജിത് തീരുമാനിച്ചതായാണ് സൂചന. മമ്മൂട്ടിയും ഇക്കാര്യം സമ്മതിച്ചതോടെയാണത്രേ പുതിയ കഥ അന്വേഷിച്ചുതുടങ്ങിയത്.
വയനാട്ടിലെ ഗസ്റ്റുഹൌസില്‍ താമസിച്ച് രഞ്ജിത് പുതിയ സിനിമയുടെ തിരക്കഥാ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് അറിയുന്നു. റംസാന്‍ റിലീസായി ചിത്രം എത്തിക്കാനാണ് പദ്ധതി. പൂര്‍ണമായും ജര്‍മ്മനിയില്‍ ചിത്രീകരിക്കുന്ന ഒരു പ്രൊജക്ടായിരിക്കും ഇതെന്നും വിവരമുണ്ട്.
‘ലീല’ രഞ്ജിത് മാറ്റിവയ്ക്കുന്നത് ഇത് ആദ്യമല്ല. സ്പിരിറ്റിനും വളരെ മുമ്പേ രഞ്ജിത് പ്ലാന്‍ ചെയ്ത സിനിമയാണിത്. എന്നാല്‍ പ്രമേയത്തിലെ ‘വിപ്ലവം’ കൈകാര്യം ചെയ്യുന്നതിലെ സങ്കീര്‍ണത മനസിലാക്കി രഞ്ജിത് ‘ലീല’ നീട്ടിക്കൊണ്ടുപോകുകയാണ്. ‘ലീല’യ്ക്ക് എന്ന് ശാപമോക്ഷം ലഭിക്കും? കാത്തിരിക്കാം.