ലാല്‍ - പ്രിയന്‍ ചിത്രത്തില്‍ മുകേഷും വിദ്യാ ബാലനും!

Webdunia
ശനി, 29 ജനുവരി 2011 (18:11 IST)
PRO
മോഹന്‍ലാലും പ്രിയദര്‍ശനും ഒരു മലയാള ചിത്രത്തിനുവേണ്ടി വീണ്ടും ഒന്നിക്കുന്നു എന്ന് മലയാളം വെബ്ദുനിയ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ആ വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നു. രണ്ടര മണിക്കൂര്‍ നേരം ചിരിപ്പിക്കുക എന്ന ലക്‍ഷ്യമാണ് ഈ സിനിമയിലൂടെ പ്രിയദര്‍ശനുള്ളത്. മോഹന്‍ലാലിനൊപ്പം മുകേഷ് ആദ്യാവസാനം നിറഞ്ഞുനില്‍ക്കും. വിദ്യാബാലനാണ് നായിക.

മോഹന്‍ലാലും പ്രിയദര്‍ശനും മുകേഷും അവസാനമായി ഒന്നിച്ചത് കാക്കക്കുയില്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ്. പുതിയ സിനിമയില്‍ ഇരുവരും തൊഴില്‍ രഹിതരായാണ് അഭിനയിക്കുന്നത്. ഇവര്‍ക്കിടയിലേക്കെത്തുന്ന അജ്ഞാത സുന്ദരിയായാണ് വിദ്യാ ബാലന്‍ അഭിനയിക്കുന്നതെന്ന് സൂചനയുണ്ട്. ലാല്‍ - മുകേഷ് കൂട്ടുകെട്ടിന്‍റെ കോമഡി ആഘോഷമായിരിക്കും ഈ സിനിമയിലുണ്ടാവുക.

വിദ്യാബാലന്‍റെ ഒരു ഗ്ലാമര്‍ നൃത്തരംഗം ചിത്രത്തിന്‍റെ ഹൈലൈറ്റായിരിക്കും. ഉറുമിക്ക് ശേഷം വിദ്യ അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്(വര്‍ഷങ്ങള്‍ക്കുമുമ്പ് മോഹന്‍ലാലിന്‍റെ ‘ചക്രം’ എന്ന ചിത്രത്തിലൂടെയാണ് വിദ്യാബാലന്‍ സിനിമാരംഗത്തെത്തുന്നത്. എന്നാ‍ല്‍ ആ സിനിമ പാതിവഴിയില്‍ മുടങ്ങി. മലയാളത്തില്‍ നായികാവേഷത്തില്‍ തിരിച്ചെത്തുന്നത് വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണെന്നത് യാദൃശ്ചികം. ഉറുമിയില്‍ വിദ്യ അതിഥിവേഷത്തിലാണ് അഭിനയിക്കുന്നത്).

ലാലും പ്രിയനും ഒരുമിക്കുന്ന ഹിന്ദിച്ചിത്രം ‘തേസ്’ പൂര്‍ത്തിയായാലുടന്‍ മലയാള സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ തിരക്കഥ പ്രിയദര്‍ശന്‍ തന്നെയാണ് രചിക്കുന്നത്. ശ്രീനിവാസനും ഈ പ്രൊജക്ടില്‍ സഹകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കാക്കക്കുയില്‍, അക്കരെ അക്കരെ അക്കരെ, വന്ദനം, ഹലോ മൈഡിയര്‍ റോങ് നമ്പര്‍, താളവട്ടം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ബോയിംഗ് ബോയിംഗ് എന്നിവയാണ് മോഹന്‍ലാലും പ്രിയദര്‍ശനും മുകേഷും ഒരുമിച്ച സിനിമകള്‍.