റെഡ് സ്ട്രീറ്റിലെ ഗുണ്ടകള്‍ക്ക് 40000 രൂപ നല്‍കി ഷൂട്ടിംഗ്!

Webdunia
വെള്ളി, 8 ഓഗസ്റ്റ് 2014 (14:51 IST)
സജി സുരേന്ദ്രന്‍റെ 'ആംഗ്രി ബേബീസ്' ഈ വര്‍ഷത്തെ മികച്ച വിജയങ്ങളില്‍ ഒന്നാണ്. അനൂപ് മേനോനും ഭാവനയും പ്രധാന വേഷങ്ങളിലെത്തിയ സിനിമ കുടുംബപ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. പ്രണയിച്ച് ഒളിച്ചോടി മുംബൈയിലെത്തി വിവാഹിതരായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെയും യുവതിയുടെയും കഥയാണ് ആംഗ്രി ബേബീസ് പറഞ്ഞത്.

മുംബൈയിലാണ് ചിത്രത്തിന്‍റെ പ്രധാന രംഗങ്ങളെല്ലാം ചിത്രീകരിച്ചത്. റെഡ് സ്ട്രീറ്റിലും ഒരു ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. പല പ്രശ്നങ്ങളും പ്രതിസന്ധികളും മുംബൈയിലെ ഷൂട്ടിംഗിനിടെ നേരിടേണ്ടിവന്നു എന്ന് സംവിധായകന്‍ സജി സുരേന്ദ്രന്‍ പറയുന്നു.

"റെഡ് സ്ട്രീറ്റിലെ ഷൂട്ടിംഗിനിടെ ഗുണ്ടകള്‍ വന്ന് ഞങ്ങളോട് ആദ്യം 25000 രൂപ വാങ്ങിച്ചു. പിന്നെ അവരുടെ തന്നെ മറ്റൊരു ഗുണ്ടാസംഘം വന്ന് 15000 രൂപയും വാങ്ങി. അങ്ങനെ റെഡ് സ്ട്രീറ്റിലെ ഒരു ദിവസത്തെ ചെറിയൊരു ഷൂട്ടിംഗിനുവേണ്ടി ഗുണ്ടകള്‍ക്ക് തന്നെ ആയിരക്കണക്കിന് രൂപയാണ് കൊടുക്കേണ്ടിവന്നത്" - സജി സുരേന്ദ്രന്‍ മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

അടുത്ത പേജില്‍ - പൊലീസില്‍ നിന്ന് ഞങ്ങളെ രക്ഷിച്ചത് പ്രിയദര്‍ശന്‍: സജി സുരേന്ദ്രന്‍
"മുംബൈയുടെ ഭംഗിയുള്ള സ്ഥലങ്ങളെല്ലാം ഷൂട്ട് ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പക്ഷേ അവിടെയെല്ലാം പൊലീസ് തടഞ്ഞു. മൂന്നുതവണ ഞങ്ങളെ പൊലീസ് പിടിച്ചുകൊണ്ട് സ്റ്റേഷനില്‍ പോയി. പ്രിയദര്‍ശന്‍ സാറിന്‍റെ സുഹൃത്തുവഴിയാണ് അപ്പോഴെല്ലാം ഞങ്ങള്‍ സ്റ്റേഷനില്‍ നിന്നുപോന്നത്. ഷൂട്ടിംഗിനെത്തുന്ന സിനിമാ പ്രവര്‍ത്തകരെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നതൊന്നും ശരിയല്ല. അത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതാണ്. ഞാന്‍ ഒരുപാട് വിദേശരാജ്യങ്ങളില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. പക്ഷേ മുംബൈയിലെ അനുഭവം ഒരിടത്തും ഉണ്ടായിട്ടില്ല" - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ സജി സുരേന്ദ്രന്‍ പറയുന്നു.

ഷീ ടാക്സിയാണ് സജി സുരേന്ദ്രന്‍റെ പുതിയ ചിത്രം. അനൂപ് മേനോന്‍ തന്നെയാണ് നായകന്‍.