രേഖയും ജയാബച്ചനും ഫ്രണ്ട്സ്!

Webdunia
വ്യാഴം, 16 ജനുവരി 2014 (15:41 IST)
PTI
രേഖയും ജയാബച്ചനും പരസ്പരം പുഞ്ചിരിച്ചു, കൈകൊടുത്തു, ആശ്ലേഷിച്ചു. മുംബൈ സിനിമാലോകത്തിന് ഇതില്‍പ്പരമെന്തുവേണം! അമിതാഭ് ബച്ചന്‍റെ സാന്നിധ്യത്തില്‍ തന്നെയാണ് അദ്ദേഹത്തിന്‍റെ ഭാര്യയും മുന്‍ കാമുകി(?)യും തമ്മില്‍ സ്നേഹം പങ്കിട്ടത്.

ഇരുവരും ആശ്ലേഷിക്കുന്ന ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് വൈറലായി മാറി. സ്ക്രീന്‍ മാഗസിന്‍റെ അവാര്‍ഡ് ചടങ്ങില്‍ വച്ചാണ് ചരിത്രമുഹൂര്‍ത്തം പിറന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം വാങ്ങാന്‍ ജയാബച്ചനും അഭിഷേകിനുമൊപ്പമാണ് അമിതാഭ് ബച്ചന്‍ എത്തിയത്. രേഖ നേരത്തേ തന്നെ സദസിലുണ്ടായിരുന്നു.

സാധാരണയായി രേഖയെ കണ്ടാല്‍ അകന്നുപോകുകയാണ് ജയാബച്ചന്‍ ചെയ്യാറുള്ളത്. എന്നാല്‍ സ്ക്രീന്‍ അവാര്‍ഡ് ചടങ്ങില്‍ വച്ച് കാര്യങ്ങള്‍ മാറി. ജയാബച്ചനെ കണ്ട രേഖ മന്ദഹസിച്ചു. ഉടന്‍ തന്നെ ജയയും പുഞ്ചിരി കൈമാറി. പിന്നീട് ഇരുവരും കൈകൊടുക്കലായി, ആശ്ലേഷിക്കലായി.

ഇതൊക്കെ കണ്ട് സാക്ഷാല്‍ ബിഗ്ബി തന്നെ അമ്പരന്നിരിക്കണം. എന്തായാലും ഇരുവരും സൌഹൃദത്തിലായതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നന്വേഷിക്കുകയാണ് പാപ്പരാസികള്‍ ഇപ്പോള്‍.