മോഹന്‍ലാല്‍ പ്രണയിക്കില്ല, അതുകൊണ്ടുതന്നെ നായികയുമില്ല!

Webdunia
ശനി, 13 ജൂലൈ 2013 (13:48 IST)
PRO
‘ഗീതാഞ്ജലി’ എന്ന മോഹന്‍ലാല്‍ പ്രൊജക്ടിനെക്കുറിച്ച് ദിനം‌പ്രതി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പലതും റൂമറുകളാണ്. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി വിദ്യാബാലന്‍ അഭിനയിക്കുന്നു എന്നായിരുന്നു ഒരു വാര്‍ത്ത. ലാലിന് കൂട്ടായി മം‌മ്ത മോഹന്‍‌ദാസ് എത്തുമെന്നായിരുന്നു മറ്റൊരു പ്രചരണം. എന്നാല്‍ അതെല്ലാം സംവിധായകന്‍ പ്രിയദര്‍ശന്‍ തള്ളിക്കളയുകയാ‍ണ്.

“മോഹന്‍ലാലിന് ഈ സിനിമയില്‍ ഒരു നായികയില്ല. ഗീതാഞ്ജലിയില്‍ മോഹന്‍ലാല്‍ ആരെയും പ്രണയിക്കുന്നില്ല. അദ്ദേഹം ഒരു സൈക്യാട്രിസ്റ്റിനെയാണ് അവതരിപ്പിക്കുന്നത്. ഒരു പ്രശ്നം പരിഹരിക്കുന്നതിനായി അദ്ദേഹം എത്തുകയാണ്” - പ്രിയദര്‍ശന്‍ വിശദീകരിച്ചു.

മണിച്ചിത്രത്താഴിലെ ഡോ.സണ്ണി എന്ന കഥാപാത്രമായി തന്നെയാണ് മോഹന്‍ലാല്‍ ഗീതാഞ്ജലിയില്‍ അഭിനയിക്കുന്നത്. ഗംഗ എന്ന കഥാപാത്രമായി ശോഭന കാമിയോ റോളില്‍ എത്തുന്നുണ്ട്. മേനക സുരേഷ്കുമാറിന്‍റെ മകള്‍ കീര്‍ത്തിയാണ് ഗീതാഞ്ജലിയിലെ നായിക.

മണിച്ചിത്രത്താഴിലേതുപോലെ തന്നെ ഗീതാഞ്ജലിയിലും ഇടവേളയോടടുത്തായിരിക്കും ഡോ.സണ്ണിയുടെ രംഗപ്രവേശം. ഡെന്നിസ് ജോസഫ് തിരക്കഥയെഴുതുന്ന ഗീതാഞ്ജലി തിരുവനന്തപുരത്താണ് ചിത്രീകരിക്കുന്നത്.