മോഹന്‍ലാലിന് സീരിയലില്‍ നിന്ന് നായിക !

Webdunia
വ്യാഴം, 9 ഓഗസ്റ്റ് 2012 (15:00 IST)
PRO
മാഡ് മേനോന്‍. യഥാര്‍ത്ഥ പേര് മാധവ മേനോന്‍ എന്നാണ്. എന്നാല്‍ വിളിപ്പേരുപോലെ തന്നെ അദ്ദേഹത്തിന്‍റെ സ്വഭാവവും കുറച്ചു പിശകാണ്. ആളൊരു എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റ് ആണ്. ഒരു പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മാഡ് മേനോന്‍ കേരളത്തിലെത്തുന്നു. ‘കര്‍മ്മയോദ്ധാ’ എന്ന സിനിമ തുടങ്ങുന്നത് ഇവിടെയാണ്.

മോഹന്‍ലാല്‍ നായകനാകുന്ന കര്‍മ്മയോദ്ധാ സംവിധാനം ചെയ്യുന്നത് പട്ടാളച്ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മേജര്‍ രവി. ചിത്രത്തിലെ നായികയോ? ‘കുങ്കുമപ്പൂവ്’ എന്ന ജനപ്രിയ സീരിയലിലെ ജയന്തി ടീച്ചര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആശാ ശരത്. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികാ വേഷമാണ് ആശാ ശരത്തിന് എന്നാണ് സൂചന.

മോഹന്‍ലാലിന്‍റെ നായികയായി വരുന്നതോടെ സിനിമാലോകത്ത് ചുവടുറപ്പിക്കാമെന്നാണ് ആശാ ശരത്തും കണക്കുകൂട്ടുന്നത്. ഫഹദ് ഫാസിലിന്‍റെ ഫ്രൈഡേ എന്ന ചിത്രത്തിലും ആശാ ശരത് അഭിനയിക്കുന്നുണ്ട്. മാളവിക, രമ്യ നമ്പീശന്‍, ഐശ്വര്യ ദേവന്‍ എന്നിവരും കര്‍മ്മയോദ്ധായില്‍ നായികാ നിരയിലുണ്ട്.

ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാകുന്ന കര്‍മ്മയോദ്ധായുടെ ചിത്രീകരണം ഓഗസ്റ്റ് 17ന് മുംബൈയില്‍ ആരംഭിക്കും. ബിജുമേനോന്‍, കലിംഗ ശശി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഇതൊരു ക്രൈം ത്രില്ലറാണ്. പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമ നിര്‍മ്മിക്കുന്നതും മേജര്‍ രവിയാണ്.

കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നിവയാണ് മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങള്‍. തന്‍റെ പതിവ് ട്രാക്കില്‍ നിന്ന് മാറി വ്യത്യസ്തമായ ട്രീറ്റ്‌മെന്‍റാണ് കര്‍മ്മയോദ്ധായ്ക്കായി മേജര്‍ രവി സ്വീകരിച്ചിരിക്കുന്നത്.