മോഹന്‍ലാലിന് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടി!

Webdunia
വ്യാഴം, 28 ഒക്‌ടോബര്‍ 2010 (21:31 IST)
PRO
ഒടുവില്‍ മോഹന്‍ലാലിന് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടി. അപ്പോള്‍ ഇത്രയും കാലം ഇദ്ദേഹം ലൈസന്‍സില്ലാതെയാണോ വണ്ടിയോടിച്ചതെന്ന് ചോദിച്ചേക്കാം. കാര്യമിതാണ്, യു എ ഇയുടെ ഡ്രൈവിംഗ് ലൈസന്‍സാണ് ലാല്‍ ഇപ്പോള്‍ നേടിയിരിക്കുന്നത്.

കാസനോവയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കുറച്ചുനാളായി യു എ ഇയിലാണ് മോഹന്‍ലാല്‍. അങ്ങനെയാണ് യു എ ഇയുടെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ തീരുമാനിച്ചത്. ഡ്രൈവിംഗ് ടെസ്റ്റില്‍ ആദ്യ ശ്രമത്തില്‍ തന്നെ മോഹന്‍ലാല്‍ വിജയം കണ്ടു.

മോഹന്‍ലാല്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ വിജയിച്ചതും അവിടെയുണ്ടായിരുന്ന നൂറുകണക്കിന് മലയാളികള്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. അപ്രതീക്ഷിതമായി തങ്ങളുടെ ലാലേട്ടനെ അടുത്തുകാണാന്‍ കഴിഞ്ഞതിന്‍റെ ആവേശത്തിലായിരുന്നു മലയാളികള്‍.

ദുബായ് തന്‍റെ രണ്ടാമത്തെ വീടാണ് മോഹന്‍ലാലിന്. അതുകൊണ്ടുകൂടിയാണ് യു എ ഇ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ തീരുമാനിച്ചതും. 1983ലാണ് ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ലാല്‍ സ്വന്തമാക്കിയത്.