മമ്മൂട്ടി പ്രിയദര്‍ശനോട് പറഞ്ഞു - “നീയാദ്യം സിനിമ ചെയ്ത് പഠിക്കൂ... എന്നിട്ട് ഞാന്‍ വന്ന് അഭിനയിക്കാം”

Webdunia
വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (16:49 IST)
മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടിനെപ്പറ്റി എല്ലാവരും പറയും. അത്രയും സക്സസ്ഫുള്ളായ ഒരു ടീമില്ലെന്ന് വാഴ്ത്തും. ഇങ്ങനെ വാഴ്ത്തിയവര്‍ തന്നെ മമ്മൂട്ടിയുമായി പ്രിയദര്‍ശന്‍ അത്ര നല്ല രസത്തിലല്ലെന്നും പറഞ്ഞെന്നുവരാം. അങ്ങനെ ഒരു പറച്ചില്‍ നമ്മുടെ സിനിമാലോകത്ത് നിലനില്‍ക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ താനും മമ്മൂട്ടിയുമായി വളരെ നല്ല ബന്ധമാണെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.
 
“ഞാന്‍ മോഹന്‍ലാലിന്‍റെ പ്രമോട്ടറാണ്, മമ്മൂട്ടിക്ക് എതിരാണെന്നൊക്കെ ചില ധാരണകളുണ്ട്. അത് പൂര്‍ണമായും തെറ്റാണ്. ഞാന്‍ മമ്മൂട്ടിയുമായി നല്ല ബന്ധമാണ്. ഞാന്‍ മദ്രാസ് കാലത്ത് ലാലിനേക്കാള്‍ കൂടുതല്‍ സമയം അന്ന് മമ്മൂട്ടിയുമായി ചെലവഴിച്ചിട്ടുണ്ട്. അന്നും ഇന്നും ഞാന്‍ മമ്മൂട്ടിക്ക എന്നാണ് വിളിക്കുന്നത്. അതേ റെസ്പെക്ട് ഇപ്പോഴുമുണ്ട്. കൂടുതല്‍ സിനിമകള്‍ മോഹന്‍ലാലുമായി ചെയ്തതുകൊണ്ടാവാം ഇത്തരം തെറ്റിദ്ധാരണകള്‍ പരക്കുന്നത്” - മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.
 
“പലപ്പോഴും ഞാന്‍ ഡേറ്റ് ചോദിച്ചാല്‍ മമ്മൂട്ടിക്ക തരാറില്ലായിരുന്നു. അതാണ് സത്യം. അന്ന് അദ്ദേഹം വളരെ ബിസിയായിരുന്നു. മോഹന്‍ലാല്‍ വില്ലനായും മമ്മൂട്ടി നായകനായും അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്. എന്‍റെ ആദ്യ സിനിമയില്‍ സോമേട്ടന്‍ അഭിനയിച്ച റോള്‍ ശരിക്കും മമ്മൂട്ടിക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. എന്നിട്ട് അവസാനം പറഞ്ഞു, നീയാദ്യം സിനിമ ചെയ്ത് പഠിക്ക്... എന്നിട്ട് ഞാന്‍ നിന്‍റെ സിനിമയില്‍ വന്ന് അഭിനയിക്കാമെന്ന്” - പൂച്ചയ്ക്കൊരു മൂക്കുത്തിയില്‍ മമ്മൂട്ടി അഭിനയിക്കാതിരുന്നതിനെക്കുറിച്ച് പ്രിയദര്‍ശന്‍ വ്യക്തമാക്കി.
 
“മമ്മൂട്ടിക്ക എന്നോട് വളരെ സ്നേഹമായിട്ടേ പെരുമാറിയിട്ടുള്ളൂ. ഞാനും അതേ സ്നേഹത്തോടെയും ബഹുമാനത്തോടെയുമേ പെരുമാറിയിട്ടുള്ളൂ. അന്നും ഇന്നും മമ്മൂട്ടിക്ക എന്ന് വിളിക്കുന്ന ഒരാള്‍ ഞാനാണ്. പലരും മമ്മുക്ക എന്നാണ് വിളിക്കുന്നത്. മമ്മൂട്ടിക്ക എന്നുവിളിക്കുന്നത് ഞാന്‍ മാത്രമേയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ഇങ്ങനെ ഒരു ഇമേജ് എങ്ങനെയോ ഉണ്ടായിപ്പോയി. ഞാന്‍ മോഹന്‍ലാലിന്‍റെ വക്താവാണെന്നും മമ്മൂട്ടി ശത്രുവാണെന്നും” - പ്രിയന്‍ പറയുന്നു.

ചിത്രത്തിന് കടപ്പാട്: പ്രിയദര്‍ശന്‍റെ ഫേസ്ബുക്ക് പേജ്
Next Article