മമ്മൂട്ടി ഡോണ്‍, പൃഥ്വി പൊലീസ് - വിഷു ഗംഭീരമാകും!

Webdunia
വ്യാഴം, 19 ഡിസം‌ബര്‍ 2013 (12:08 IST)
PRO
വരുന്ന വിഷുക്കാലത്ത് മലയാളികള്‍ക്ക് ആവോളം ആഘോഷിക്കാന്‍ മമ്മൂട്ടിയും പൃഥ്വിരാജും വലിയ വിരുന്നൊരുക്കുന്നു. ഒരിടവേളയ്ക്ക് ശേഷം ആരാധകര്‍ക്ക് തകര്‍ത്താഘോഷിക്കാനുള്ള വകയാണ് രണ്ട് മെഗാതാരങ്ങളും തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.

മമ്മൂട്ടി അധോലോകത്തിന്‍റെ കിരീടം വയ്ക്കാത്ത രാജാവായി വരുമ്പോള്‍ പൃഥ്വിരാജ് കരുത്തിന്‍റെ പ്രതീകമായ പൊലീസ് ഓഫീസറായി എത്തുന്നു. വിഷുക്കാലത്ത് രണ്ട് സ്റ്റാറുകളുടെയും ആരാധകര്‍ക്ക് ആനന്ദിക്കാന്‍ ഇതിപ്പരം എന്തുവേണം?

അടുത്ത പേജില്‍ - അയാള്‍ കള്ളക്കടത്തിന്‍റെ ദൈവം!

PRO
ആഷിക് അബു സംവിധാനം ചെയ്യുന്ന ‘ദി ഗ്യാംഗ്സ്റ്റര്‍’ എന്ന സിനിമയില്‍ കള്ളക്കടത്തിന്‍റെ ദൈവമായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ ഡോണ്‍ കഥാപാത്രം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. അക്ബര്‍ അലി ഖാന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്. നായികയെ തീരുമാനിച്ചിട്ടില്ല. നൈല ഉഷ നായികയാകുമെന്നാണ് സൂചന. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും.

മംഗലാപുരത്ത് ആരംഭിച്ച് ഹോങ്കോംഗില്‍ അവസാനിക്കുന്ന ഒരു അണ്ടര്‍വേള്‍ഡ് ത്രില്ലറാണ് മമ്മൂട്ടിയും ആഷിക് അബുവും ചേര്‍ന്ന് ഇത്തവണ ഒരുക്കുന്നത്. ഇപ്പോഴത്തെ ഹോട്ട് പ്രോപ്പര്‍ട്ടിയായ ഫഹദ് ഫാസില്‍ ഈ സിനിമയില്‍ ഒരു തകര്‍പ്പന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു ആദ്യം ലഭിച്ച വാര്‍ത്ത. എന്നാല്‍ ഫഹദ് ഈ സിനിമയുടെ ഭാഗമായിരിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു.

‘ടാ തടിയാ’ ഫെയിം ശേഖര്‍ മേനോന്‍, തമിഴ് നടന്‍ പാര്‍ത്ഥിപന്‍, രോഹിണി ഹട്ടങ്കടി എന്നിവരുടെ സാന്നിധ്യം ഗ്യാംഗ്സ്റ്ററിന്‍റെ ആകര്‍ഷണഘടകങ്ങളാണ്. സോള്‍ട്ട് ആന്‍റ് പെപ്പറിലെ കെ ടി മിറാഷ് എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ അഹമ്മദ് സിദ്ദിഖ് എന്ന നടനാണ് ഗ്യാംഗ്സ്റ്ററിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ആഷിക് അബുവിന്‍റെ രണ്ടാമത്തെ മമ്മൂട്ടിച്ചിത്രമാണ് ഗ്യാംഗ്സ്റ്റര്‍. ആദ്യചിത്രമായ ‘ഡാഡി കൂള്‍’ പരാജയമായിരുന്നു. എന്നാല്‍ ആഷിക് അബു എന്ന സംവിധായകനെ അങ്ങനെ വിട്ടുകളയാന്‍ മമ്മൂട്ടി ഒരുക്കമായിരുന്നില്ല. നല്ല ഒരു ആക്ഷന്‍ കഥയുമായി വീണ്ടും വരാന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചു. ഗ്യാംഗ്സ്റ്ററിന്‍റെ കഥ പറഞ്ഞപ്പോള്‍ തന്നെ ആഷിക് അബുവിന് മമ്മൂട്ടി കൈകൊടുത്തു. മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് ആയ അധോലോകചിത്രമാക്കി ഗ്യാംഗ്സ്റ്ററിനെ മാറ്റാനുള്ള ഒരുക്കത്തിലാണ് ആഷിക് അബു.

അതിരാത്രം, സാമ്രാജ്യം, പരമ്പര, ബിഗ്‌ബി, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ബല്‍‌റാം വേഴ്സസ് താരാദാസ് തുടങ്ങിയ സിനിമകളിലാണ് മുമ്പ് മമ്മൂട്ടി അധോലോക നായകന്‍റെ വേഷം കെട്ടിയത്. ഇതില്‍ അതിരാത്രവും സാമ്രാജ്യവും സൂപ്പര്‍ഹിറ്റുകളായിരുന്നു. ബിഗ്‌ബി ആവറേജ് ഹിറ്റും.

എന്തായാലും വീണ്ടും ഒരു അധോലോക കഥ മമ്മൂട്ടി തെരഞ്ഞെടുക്കുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. ആഷിക് അബു മമ്മൂട്ടിയുടെ പ്രതീക്ഷ കാക്കുമെന്ന് കരുതാം. വിഷു റിലീസാണ് ദി ഗ്യാംഗ്സ്റ്റര്‍.

അടുത്ത പേജില്‍ - ദൈവത്തെ മാത്രം പേടിക്കുന്ന പൊലീസ്!

PRO
മുംബൈ പൊലീസ്, അയാളും ഞാനും തമ്മില്‍, മെമ്മറീസ് - തുടര്‍ച്ചയായി ഗംഭീര സിനിമകള്‍ സൃഷ്ടിക്കുകയാണ് യംഗ് സൂപ്പര്‍താരം പൃഥ്വിരാജ്. ഏറെ പ്രതീക്ഷയര്‍പ്പിക്കാവുന്ന മറ്റൊരു പൃഥ്വിരാജ് പ്രൊജക്ട് അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ‘സെവന്‍‌ത് ഡേ’ എന്നാണ് ചിത്രത്തിന് പേര്. ‘ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാള്‍’ എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.

പൃഥ്വിരാജിന്‍റെ വ്യത്യസ്തമായ കഥാപാത്രമാണ് സെവന്‍‌ത് ഡേയുടെ പ്രത്യേകത. 42 വയസുള്ള ഒരു ഐ പി എസ് ഓഫീസറുടെ വേഷത്തിലാണ് പൃഥ്വിരാജ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്ക് ആണ് ചിത്രത്തില്‍ പൃഥ്വിരാജിന്. ക്രൈം ബ്രാഞ്ചില്‍ നിന്ന് പുറത്താക്കപ്പെട്ട ഡേവിഡ് ഏബ്രഹാം ഐ പി എസ് എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. ക്രൈം റെക്കോര്‍ഡ്സില്‍ രേഖപ്പെടുത്താത്ത ഒരു കുറ്റകൃത്യത്തിന്‍റെ പൊരുളുകള്‍ ഡേവിഡ് ഏബ്രഹാം ഐ പി എസ് ഏഴ് ദിവസങ്ങള്‍ കൊണ്ട് അന്വേഷിച്ച് കണ്ടെത്തുന്നതാണ് സെവന്‍ത് ഡേയുടെ പ്രമേയം. ഒരു തകര്‍പ്പന്‍ ആക്ഷന്‍ സസ്പെന്‍സ് ത്രില്ലറാണ് സെവന്‍‌ത് ഡേ എന്നാണ് റിപ്പോര്‍ട്ട്.

പരസ്യരംഗത്തുനിന്നുള്ള ശ്യാംധര്‍ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. നവാഗതനായ അഖില്‍ പോളാണ് തിരക്കഥ. നായിക ജനനി അയ്യര്‍. അജ്മല്‍ അമീര്‍, വിനയ് ഫോര്‍ട്ട്, പ്രവീണ്‍ പ്രേം, സണ്ണി വെയ്ന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഷിബു ജി സുശീലന്‍ നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം ദീപക് ദേവ്. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ വിഷു റിലീസാണ്. ഊട്ടി, വാഗമണ്‍, കൊച്ചി, ഗോവ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്