മമ്മൂട്ടിയും മോഹന്‍ലാലും നായകന്മാരാകുന്ന ഒരു സിനിമ അണിയറയില്‍ പ്രാരംഭഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തുന്നതെന്നാണ് സൂചന.
2018ല്‍ ചിത്രം യാഥാര്‍ത്ഥമാകുമെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ സിനിമ ബിഗ് ബജറ്റിലൊരുങ്ങുന്ന ഒരു ആക്ഷന്‍ കോമഡി ത്രില്ലറായിരിക്കുമെന്നും സൂചനയുണ്ട്. ആശീര്‍വാദും പ്ലേഹൌസും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഉദയ്കൃഷ്ണയും സിബി കെ തോമസും പിരിയുന്നതിന് മുമ്പ് ‘അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍’ എന്ന പേരില്‍ ഒരു മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഉദയന്റെയും സിബിയുടെയും തിരക്കുകാരണം അത് നടക്കാതെ പോയതാണ്.
ഇപ്പോള്‍ ഉദയ്കൃഷ്ണ വീണ്ടും ഒരു മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രം ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ 50 കോടിയോളം ബജറ്റില്‍ ഒരുങ്ങുന്ന ഒരു പ്രൊജക്ടായിരിക്കും ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുപോലെ ഈ സിനിമ മലയാളത്തില്‍ 200 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രവുമാകും!