മണിച്ചിത്രത്താഴിലെ നകുലനെപ്പോലെ ‘ഗീതാഞ്ജലി‘യില്‍ നിഷാനെത്തും

Webdunia
ഞായര്‍, 14 ജൂലൈ 2013 (15:40 IST)
PRO
മണിച്ചിത്രത്താഴില്‍ ഇടവേളയോടടുത്തായിരുന്നു മോഹന്‍ലാലിന്റെ രംഗപ്രവേശം അതുവരെ കഥാഗതിയെ മുന്നോട്ട് നയിക്കുന്നത് ശോഭനയുടെ ഗംഗയുടെ ഭര്‍ത്താവ് നകുലനെന്ന സുരേഷ് ഗോപിയാണ്. സുരേഷ്ഗോപിയുടെ നകുലനെപ്പോലെ ‘ഗീതാഞ്ജലി’യില്‍ പ്രധാന റോള്‍ ചെയ്യുന്നത് ശ്യാമപ്രസാദിന്റെ ഋതുവെന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നിഷാന്‍ എന്ന യുവതാരമാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

കര്‍ണാടകത്തില്‍ ജനിച്ച് കൊല്‍ക്കത്തയില്‍ വളര്‍ന്ന ഈ യുവതാരത്തിന് ഏറെ സിനിമകള്‍ ലഭിയ്ക്കുകയും ചെയ്തു. ഋതുവിന് ശേഷം നിഷാന്‍ ഏറെ ശ്രദ്ധിക്കപ്പട്ടത് ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ്. അടുത്തയിടെ 10.30 ലോക്കല്‍ കാളിലൂടെ നിഷാന്‍ വീണ്ടും ശക്തമായ ഒരു കഥാപാത്രവുമായി എത്തി.

പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്നിവയോക്കെ കേട്ട ശേഷം സംവിധായകന്‍ പ്രിയദര്‍ശന്റെ ഫോണ്‍കോള്‍ വന്നപ്പോള്‍ത്തന്നെ താന്‍ ഈ സിനിമയില്‍ ഉണ്ടാവുമെന്ന് പറയുകയായിരുന്നെന്ന് നിഷാന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

‘ഗീതാഞ്ജലി’ എന്ന മോഹന്‍ലാല്‍ പ്രൊജക്ടിനെക്കുറിച്ച് ദിനം‌പ്രതി വാര്‍ത്തകളും റൂമറുകളും വന്നുകൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി വിദ്യാബാലന്‍ അഭിനയിക്കുന്നു എന്നായിരുന്നു ഒരു വാര്‍ത്ത. ലാലിന് കൂട്ടായി മം‌മ്ത മോഹന്‍‌ദാസ് എത്തുമെന്നായിരുന്നു മറ്റൊരു പ്രചരണം.

മണിച്ചിത്രത്താഴിലെ ഡോ സണ്ണി എന്ന കഥാപാത്രമായി തന്നെയാണ് മോഹന്‍ലാല്‍ ഗീതാഞ്ജലിയില്‍ അഭിനയിക്കുന്നത്. ഗംഗ എന്ന കഥാപാത്രമായി ശോഭന കാമിയോ റോളില്‍ എത്തുന്നുണ്ട്. മേനക സുരേഷ്കുമാറിന്‍റെ മകള്‍ കീര്‍ത്തിയാണ് ഗീതാഞ്ജലിയിലെ നായിക.

മണിച്ചിത്രത്താഴിലേതുപോലെ തന്നെ ഗീതാഞ്ജലിയിലും ഇടവേളയോടടുത്തായിരിക്കും ഡോ സണ്ണിയുടെ രംഗപ്രവേശം. ഡെന്നിസ് ജോസഫ് തിരക്കഥയെഴുതുന്ന ഗീതാഞ്ജലി തിരുവനന്തപുരത്താണ് ചിത്രീകരിക്കുന്നത്.