ആസിഫ് അലിക്ക് സോളോ ഹിറ്റ് കുറവാണ്. എന്നാല്‍ മള്‍ട്ടി ഹീറോ സിനിമകളില്‍ പലപ്പോഴും സ്കോര്‍ ചെയ്യാനുള്ള ഭാഗ്യം ആസിഫിന് ലഭിക്കാറുണ്ട്. ഏറ്റവും പുതിയ ഉദാഹരണം സപ്തമ ശ്രീ തസ്കരഃ. നായകന്‍ പൃഥ്വിരാജാണെങ്കിലും ഹീറോയിസം മുഴുവന്‍ ആസിഫ് അലിക്കാണ്. സമീപകാലത്ത് റിലീസായ അപ്പോത്തിക്കിരി, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങളിലും മിന്നിത്തിളങ്ങുന്ന പ്രകടനമാണ് ആസിഫ് നടത്തിയത്.
ഒരു സോളോ ഹിറ്റ് സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി ഇപ്പോള്‍. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് ആണ് നായകന്‍. സൂപ്പര്‍ തിരക്കഥാകൃത്തുക്കളായ സഞ്ജയ് - ബോബി ടീമിന്‍റേതാണ് സ്ക്രിപ്റ്റ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ വിദ്യാര്‍ത്ഥിയായാണ് ആസിഫ് ഈ സിനിമയില്‍ അഭിനയിക്കുന്നത്.
ഒരു ഫാമിലി ഡ്രാമയാണ് ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത ഈ സിനിമ. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്‍റെ കഥ പറയുന്ന സിനിമയില്‍ നെടുമുടി വേണു, പ്രേം പ്രകാശ്, സൈജു കുറുപ്പ്, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്ണന്‍, നിക്കി ഗില്‍റാണി, ലെന തുടങ്ങിയവരും താരങ്ങളാണ്.
"എന്‍റെ വീട് അപ്പൂന്‍റേം എന്ന സിനിമയ്ക്ക് ശേഷം ഞങ്ങള്‍ ഒരു പടം ചെയ്യാന്‍ സമീപിച്ച സംവിധായകനാണ് വി കെ പി. അന്ന് പറഞ്ഞ കഥയാണിത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പേ റെഡി ആയ ബേസിക് കഥയില്‍ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയ സിനിമയാണ് ഇപ്പോള്‍ ചെയ്യുന്നത്. 40 ദിവസങ്ങള്‍ കൊണ്ട് മൈസൂര്‍, കൊച്ചി, പുനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി എന്നിവിടങ്ങളില്‍ ചിത്രീകരിച്ചതിന് ശേഷം ജനുവരി അവസാനം സിനിമ റിലീസ് ചെയ്യാനാണ് പ്ലാന്‍. ഇതൊരു ഫാമിലി ഡ്രാമയായിരിക്കും. ബന്ധങ്ങളെക്കുറിച്ച് ഉള്ളതാണീ സിനിമ" - തിരക്കഥാകൃത്ത് ബോബി മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.