പ്രഭുദേവ പോയി, നയന്‍സ് ആളാകെ മാറി!

Webdunia
വ്യാഴം, 7 ജൂണ്‍ 2012 (14:25 IST)
PRO
പ്രഭുദേവയുമൊത്തുള്ള വിവാഹത്തിനായാണ് നയന്‍‌താര മതം മാറിയത്. ഡയാന കുര്യന്‍ എന്ന നയന്‍‌താര ക്രിസ്തുമതം വിട്ട് ഹിന്ദുമതം സ്വീകരിക്കുകയായിരുന്നു. എന്നാല്‍ വിധിയുടെ കളികളില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. നയന്‍‌താരയും പ്രഭുദേവയും വേര്‍പിരിഞ്ഞു. പ്രഭുവുമായി അകന്നതോടെ നയന്‍സ് മാനസികമായി തകരുമെന്ന് പ്രതീക്ഷിച്ച ശത്രുക്കള്‍ പോലും ഇപ്പോള്‍ അമ്പരക്കുകയാണ്. എല്ലാവരെയും നോക്കി നയന്‍‌താര ശാന്തമായി പുഞ്ചിരിക്കുന്നു!

വ്യക്തിജീവിതത്തില്‍ ഏറെ വേദനാജനകമായ ഒരു സംഭവം നടന്നതിന്‍റെ ആഘാതം മുറിവേല്‍പ്പിച്ച മുഖമല്ല നയന്‍‌താരയ്ക്ക്. വളരെ പ്രസന്നമായ ഭാവം. നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന കണ്ണുകള്‍. പക്വമായ വാക്കുകള്‍.

‘ശ്രീരാമരാജ്യം’ എന്ന തെലുങ്ക് സിനിമയാണ് നയന്‍‌താരയെ ഇപ്പോള്‍ കാണുന്ന ധൈര്യവതിയായ നയന്‍‌സാ‍ക്കി മാറ്റിയത്. ആ സിനിമയുടെ പവിത്രത എന്തും നേരിടാനുള്ള മാനസികബലം സൂപ്പര്‍നായികയ്ക്ക് നല്‍കുകയായിരുന്നു. ആ സിനിമയുടെ ചിത്രീകരണസമയത്ത് നയന്‍‌താര നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. വ്രതവും ശീലമാക്കി.

ഹിന്ദുമതം സ്വീകരിച്ച ശേഷം തിരുമല, ഗുരുവായൂര്‍ എന്നിവിടങ്ങളിലും കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളും പോവുക പതിവായി. ആരോഗ്യത്തിനും ക്ഷമയ്ക്കും സമാധാനത്തിനും വേണ്ട യോഗാമുറകള്‍ പരിശീലിച്ചു. അത് നിത്യം അഭ്യസിച്ചു. ധ്യാനം ശീലമാക്കി.

അതുകൊണ്ടുതന്നെയാണ് പ്രഭുദേവയുമായുള്ള ബന്ധം തകര്‍ന്നത് നയന്‍സിനെ കാര്യമായി ബാധിക്കാതെയിരുന്നത്. വേദനകളെ മറികടക്കാനുള്ള കഴിവ് അവര്‍ ആര്‍ജ്ജിച്ചുകഴിഞ്ഞിരുന്നു.

നയന്‍സ് നായികയാകുന്ന തമിഴ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. ‘തല’ അജിത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണുവര്‍ദ്ധന്‍. മുംബൈയില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.