പൃഥ്വിക്ക് ഡേറ്റില്ല, പപ്പന്‍ ജയസൂര്യയെ വിളിച്ചു!

Webdunia
ശനി, 29 ജനുവരി 2011 (18:03 IST)
PRO
‘മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ വേണമെങ്കില്‍ ശ്രമിച്ചോളൂ, നിങ്ങള്‍ക്ക് ഡേറ്റ് കിട്ടാം. എന്നാല്‍ പൃഥ്വിരാജിന്‍റെ ഡേറ്റിനായി അടുത്ത മൂന്നുനാലു വര്‍ഷത്തേക്ക് ശ്രമിക്കേണ്ടതില്ല’ - ഒരു യുവസംവിധായകന്‍ പറഞ്ഞ വാചകമാണ്. പൃഥ്വിയുടെ ഡേറ്റിനായി മൂന്നു ഭാഷകളിലെ നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കുകയാണ്. നേരത്തേ പറഞ്ഞുറപ്പിച്ച ഡേറ്റുകളില്‍ പോലും വ്യത്യാസം വരുത്തേണ്ടി വരുന്ന അവസ്ഥ.

എം പത്‌മകുമാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ‘പാതിരാമണല്‍’ എന്ന സിനിമ പൃഥ്വിയെ നായകനാക്കി പ്ലാന്‍ ചെയ്തതാണ്. ബാബു ജനാര്‍ദ്ദനനായിരുന്നു തിരക്കഥ. എന്നാല്‍ തിരക്കഥയിലെ ചില പാളിച്ചകള്‍ മാറ്റുന്നതിനായി പ്രൊജക്ട് മാറ്റിവച്ചു. ഇപ്പോള്‍ സ്ക്രിപ്റ്റ് റെഡിയായി വന്നപ്പോള്‍ പൃഥ്വിക്ക് ഡേറ്റില്ല. പൃഥ്വിയെ നായകനാക്കി ഉടനൊന്നും ‘പാതിരാമണല്‍’ യാഥാര്‍ത്ഥ്യമാകില്ലെന്ന് തിരിച്ചറിഞ്ഞ പത്‌മകുമാര്‍ ആ റോളിലേക്ക് ഇപ്പോള്‍ ജയസൂര്യയെ വിളിച്ചിരിക്കുകയാണ്.

എന്നാല്‍ ബാബു ജനാര്‍ദ്ദനന്‍റെ തിരക്കഥയില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് പൃഥ്വി ഈ പ്രൊജക്ടില്‍ സഹകരിക്കാത്തതെന്ന് വേറെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൃഥ്വിയെ നായകനാക്കി ബാബു അവസാനം രചിച്ച ‘കലണ്ടര്‍’ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഇതാണ് പാതിരാമണലില്‍ നിന്ന് പൃഥ്വി പിന്‍‌മാറാന്‍ കാരണമെന്നായിരുന്നു വാര്‍ത്തകള്‍. പൃഥ്വിയുടെ മികച്ച സിനിമകളായ വാസ്തവം, തലപ്പാവ് എന്നീ സിനിമകളുടെ രചന നിര്‍വഹിച്ചത് ബാബു ജനാര്‍ദ്ദനനായിരുന്നു.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ജയസൂര്യ നായകനാകുന്ന പാതിരാമണലില്‍ നായിക റിമാ കല്ലിങ്കലാണ്. സമുദ്രക്കനി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവന്‍ മണിക്കായി നിശ്ചയിച്ച കഥാപാത്രത്തെയാണ് ഇപ്പോള്‍ സമുദ്രക്കനിക്ക് കരാറായിരിക്കുന്നത്. പത്‌മകുമാറിന്‍റെ ശിക്കാറില്‍ അബ്ദുള്ള എന്ന നക്സലൈറ്റ് നേതാവിനെ അവതരിപ്പിച്ച് കൈയടി നേടിയിരുന്നു സമുദ്രക്കനി. ധനുഷ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പാതിരാമണല്‍ മാര്‍ച്ചില്‍ ആലപ്പുഴയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

സ്വന്തം കുടുംബം തകര്‍ത്തവരോട് പ്രതികാരം ചെയ്യാന്‍ പാതിരാമണലിലെത്തുന്ന ചെറുപ്പക്കാരനായാണ് ജയസൂര്യ ഈ സിനിമയില്‍ അഭിനയിക്കുന്നത്. പകയുടെയും പ്രതികാരത്തിന്‍റെയും കഥ പറയുന്ന ഈ കുടുംബചിത്രത്തില്‍ ആക്ഷന് ഏറെ പ്രാധാന്യമുണ്ട്.