നിവിന്‍ പോളിയെ വെല്ലാനാരുണ്ട്? ആക്ഷന്‍ ഹീറോ ബിജു 30 കോടി ക്ലബില്‍!

Webdunia
ബുധന്‍, 13 ഏപ്രില്‍ 2016 (20:14 IST)
ആക്ഷന്‍ ഹീറോ ബിജു സമീപകാലത്തിറങ്ങിയ ഏറ്റവും റിയലിസ്റ്റിക്കായ സിനിമകളില്‍ ഒന്നാണ്. ‘പ്രേമം’ എന്ന മെഗാഹിറ്റിന് ശേഷം നിവിന്‍റേതായി വരുന്നത് ഒരു മാസ് മസാല സിനിമയായിരിക്കുമെന്ന പ്രതീക്ഷകളെ തല്ലിത്തകര്‍ത്തുകൊണ്ടാണ് ‘ആക്ഷന്‍ ഹീറോ’ വന്നത്. എന്തായാലും ഒരു മാസ് ചിത്രത്തിനേക്കാള്‍ വലിയ വിജയം നേടിക്കൊണ്ട് നിവിന്‍ പോളിയുടെ തീരുമാനം ഉചിതമായെന്ന് തെളിയിക്കുകയാണ് ആക്ഷന്‍ ഹീറോ ബിജു.
 
ഈ സിനിമയുടെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ 30 കോടിക്ക് മുകളിലാണെന്നാണ് വിവരം. ആദ്യം സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയ സിനിമ പിന്നീട് ബോക്സോഫീസില്‍ കത്തിക്കയറുകയായിരുന്നു. കേരളത്തില്‍ നിന്നുമാത്രം 15 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ സിനിമ യു കെയിലും യു എസിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
 
നിവിന്‍ പോളി നിര്‍മ്മിച്ച ആക്ഷന്‍ ഹീറോ ബിജുവിന്‍റെ ചെലവ്‌ വെറും മൂന്ന് കോടിക്ക് താഴെയാണ്. അതുകൊണ്ടുതന്നെ കോടികളുടെ ലാഭമാണ് ഈ സിനിമ നിര്‍മ്മാതാവിന് നേടിക്കൊടുക്കുന്നത്.
 
ഇപ്പോള്‍ നിവിന്‍ പോളിയുടെ ജേക്കബിന്‍റെ സ്വര്‍ഗരാജ്യവും വന്‍ വിജയം നേടുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. തമിഴില്‍ നിവിന്‍ പോളിയുടെ അടുത്ത സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ആറുകോടിക്ക് മുകളിലാണ് തമിഴില്‍ നിവിന്‍റെ പ്രതിഫലം.