ദിലീപിനെ പിടിക്കാന്‍ ‘ഊക്കന്‍ ടിന്‍റു’ വരുന്നു!

Webdunia
വ്യാഴം, 22 ഓഗസ്റ്റ് 2013 (14:39 IST)
PRO
‘നേരം’ എന്ന ചിത്രം കണ്ടവര്‍ ആരും ഷമ്മി തിലകന്‍റെ പെര്‍ഫോമന്‍സ് മറന്നുകാണാനിടയില്ല. അദ്ദേഹം അവതരിപ്പിച്ച ‘ഊക്കന്‍ ടിന്‍റു’ എന്ന രസികന്‍ പൊലീസ് ഉദ്യോഗസ്ഥനെയും. ഊക്കന്‍ ടിന്‍റുവിന്‍റെ പ്രകടനങ്ങള്‍ കണ്ട് ആര്‍ത്ത് ചിരിച്ചവര്‍ക്ക് വീണ്ടും പൊട്ടിച്ചിരിക്കാനുള്ള അവസരം ഒരുങ്ങുകയാണ്.

ദിലീപ് നായകനാകുന്ന ‘ശൃംഗാരവേലന്‍’ എന്ന സിനിമയിലൂടെ ആ കഥാപാത്രം വീണ്ടും വരികയാണ്. ഈ പൊലീസ് ഉദ്യോഗസ്ഥന് കോമാളിത്തരങ്ങള്‍ കാഴ്ചവയ്ക്കാന്‍ സൂപ്പര്‍ നര്‍മരംഗങ്ങളാണ് തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം സൃഷ്ടിച്ചിരിക്കുന്നത്.

ജോസ് തോമസ് സംവിധാനം ചെയ്യുന്ന ശൃംഗാരവേലന്‍ ദിലീപിന്‍റെ ഓണച്ചിത്രമാണ്. ‘നാടോടിമന്നന്‍’ എന്ന സിനിമ മാറ്റിവച്ചാണ് ശൃംഗാരവേലന്‍ ദിലീപിന്‍റെ ഓണച്ചിത്രമാകുന്നത്. കൊച്ചിയില്‍ ഈ സിനിമയുടെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്.

ഒരു സിനിമയിലെ കഥാപാത്രം മറ്റൊരു സിനിമയില്‍ ആവര്‍ത്തിക്കുന്നത് ഇതാദ്യമൊന്നുമല്ല. തൂവാനത്തുമ്പികളിലെ ‘തങ്ങള്‍’ അടുത്തിടെ ട്രിവാന്‍‌ഡ്രം ലോഡ്ജിലും വന്നിരുന്നു. മണിച്ചിത്രത്താഴിലെ ഡോ.സണ്ണി ഗീതാഞ്ജലിയിലൂടെ എത്തുന്നത് പ്രേക്ഷകര്‍ കാത്തിരിക്കുകയുമാണ്.