തോക്കുമായി ‘കുട്ടിമണിരത്നം’, ത്രില്ലടിച്ച് വിജയ്!

Webdunia
തിങ്കള്‍, 16 ഏപ്രില്‍ 2012 (14:26 IST)
PRO
ഇളയദളപതി ഇപ്പോള്‍ ‘തുപ്പാക്കി’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. തുപ്പാക്കി എന്നാല്‍ തോക്ക് എന്നര്‍ത്ഥം. ഗജിനിക്കും ഏഴാം അറിവിനും ശേഷം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം.

സിനിമ 80 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു ആക്ഷന്‍ എന്‍റര്‍ടെയ്‌നറാണ് ചിത്രം. മുരുഗദോസിന്‍റെ സംവിധാന മികവിനെക്കുറിച്ച് പറയാന്‍ വിജയ്ക്ക് നാവേറെയാണ്.

“വളരെ ഷാര്‍പ്പും സ്മാര്‍ട്ടും സിമ്പിളുമാണ് മുരുഗദോസ്. ഞാന്‍ അദ്ദേഹത്തെ കുട്ടിമണിരത്നം എന്ന് വിശേഷിപ്പിക്കും” - വിജയ് പറയുന്നു.

“വളരെ സ്റ്റൈലിഷായുള്ള ചുരുക്കം കൊമേഴ്സ്യല്‍ ചിത്രങ്ങളിലേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. തുപ്പാക്കി അത്തരത്തിലൊന്നാണ്. അതിന്‍റെ എല്ലാ ക്രെഡിറ്റും മുരിഗദോസിനുള്ളതാണ്. ചെറിയ കാര്യങ്ങളില്‍ പോലും അദ്ദേഹം കാണുന്ന പ്രാധാന്യം വളരെ വലുതാണ്” - ഇളയദളപതി വ്യക്തമാക്കി.

കാജല്‍ അഗര്‍വാളാണ് തുപ്പാക്കിയില്‍ നായിക. “കാജലിന് തമിഴ് അറിയില്ല. തമിഴ് ഡയലോഗുകള്‍ മനസിലാക്കാനും ശരിയായുള്ള ഇമോഷന്‍സ് നല്‍കാനുമൊക്കെ അവര്‍ വളരെ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്” - വിജയ് പറഞ്ഞു.

“എന്‍റെ ആരാധകര്‍ക്ക് തുപ്പാക്കി ഒരു വിരുന്നായിരിക്കും. വ്യക്തിപരമായി ഇത് എനിക്ക് ഏറെ പ്രാധാന്യമുള്ള സിനിമയാണ്. എന്‍റെ മുന്‍‌ചിത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തം. ചിത്രം പുറത്തുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍” - വിജയ് വ്യക്തമാക്കി.